കണ്ണൂര്‍: പാര്‍ട്ടി പൊളിറ്റ്ബ്യൂറോയും പാര്‍ട്ടി സെന്ററും പരാജയമെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടു. ഇടതുജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനും പിബിയ്ക്ക് സാധിച്ചില്ലെന്നും സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ശബരിമല വിഷയവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ ശബരിമല വിഷയം കാരണമായി. വിഷയം ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലഭിച്ചില്ലെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം ലംഘിച്ചാണ് കോണ്‍ഗ്രസും ഐഎസ്എഫും ഉള്‍പ്പെട്ട സംയുക്ത മുന്നണിയില്‍ സിപിഎം പങ്കാളിയായത്. കേരളത്തിലെ വിജയം പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പാര്‍ട്ടിയില്‍ പാര്‍ലമെന്ററി പ്രവണതയും പിന്തിരിപ്പന് രീതികളും പ്രകടമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഏഷ്യനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: