കൊല്ലം: കെഎംഎംഎല്‍ കമ്പനിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നൂറുകണക്കിന് ഒഴിവുകള്‍ നികത്താതെ തൊഴിലാളികളെ അമിതജോലിചെയ്യാന് നിര്‍ബന്ധിതരാക്കുന്നുവെന്ന് ആരോപണം.
നൂറുകണക്കിന് ഒഴിവുകളാണ് വര്‍ഷങ്ങളായി കമ്പനിയില്‍ നിലനില്‍ക്കുന്നത്. തികച്ചും അപകടകരങ്ങളായ ക്ലോറിന്‍, ടൈറ്റാനിയം ട്രോ ക്ലോറൈഡ്, സള്‍ഫ്യൂരിക് ആസിഡ്, എല്‍പിജി തുടങ്ങിയ മാരകവും അപകടകരവുമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് നിരവധി ദിവസങ്ങള്‍ കഴിഞ്ഞാലും മാനുഷികശേഷിക്കുറവ് മൂലം പുറത്തേക്ക് പോകാനാകുന്നില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ശാരീരിക അവശതമൂലം എന്തെങ്കിലും അപകടമുണ്ടായാല്‍ അത് പ്രദേശത്തിന്റെ സര്‍വ്വനാശത്തിന് തന്നെ കാരണമാകുമെന്ന് കെഎംഎംഎലിലെ ഐഎന്‍ടിയുസി നേതാവ് ആര്. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരവധി തവണ ഇക്കാര്യം വിശദമായി വ്യവസായ മന്ത്രിയേയും ബന്ധപ്പെട്ടവരേയും അറിയിച്ചിട്ടും പുല്ലുവില പോലും നല്‍കുന്നില്ല. കൂടാതെ കേരളത്തില്‍ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന കെഎംഎംഎല്‍ ജീവനക്കാര്‍ക്ക് ബോണസ്സ് എക്സ് ഗ്രേഷ്യയിനത്തില് നയാ പൈസയുടെ വര്‍ധനവ് നല്‍കിയിട്ട് ഏഴുവര്‍ഷമായി. വാഗ്ദാനങ്ങള്‍ മാത്രംനല്കി വഞ്ചിക്കുകയാണ് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നുപറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. കമ്പനിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത് മാരകങ്ങളായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുടെ തുച്ഛമായ റിട്ടയര്‍മെന്റ് മെഡിക്കല്‍ സ്കീം പോലും തുലച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.
വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ഡിസിഡബ്ള്യു തൊഴിലാളികളുടെ വിഷയങ്ങള്‍ക്ക് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. 1300 കോടി രൂപയുടെ വിപണനവും 300 കോടിരൂപയുടെ ചരിത്ര ലാഭവുമായി പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്‍ വിഷയങ്ങള്‍ സര്‍ക്കാരിനെയോ വകുപ്പു മന്ത്രിയേയോ ധരിപ്പിക്കാന്‍ കഴിവില്ലാത്ത സിഐടിയു നേതൃത്വം ഐഎന്‍ടിയുസിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട എന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയില്‍പെട്ട തൊഴിലാളി സംഘടന എന്ന നിലയില്‍ ഇടപെടാന്‍ കെഎംഎംഎല്‍ കമ്പനിയില്‍ ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കെയാണ് കെഎംഎംഎല്‍ ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.ഡി. സതീശനെ പുറത്താക്കണമെന്ന സിഐടിയുവിന്റെ പ്രസ്താവന. വി.ഡി. സതീശന് പ്രസിഡന്റായി തുടരുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കെഎംഎംഎലിലെ ഐഎന്‍ടിയുസി നേതൃത്വം തീരുമാനിക്കുമെന്ന് ആര്.ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: