ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴച്ച നടത്താനാണ് അദേഹം ശ്രമിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നതിനും മോദിയുമായി ചര്‍ച്ച നടത്തുന്നതിനും ബോറിസ് ജോണ്സന് താല്പര്യം പ്രകടിപ്പിച്ചതായി ഡൗണിങ് സ്ട്രീറ്റ് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ വ്യാപാര കരാറുകളിലുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അദേഹം ഇന്ത്യയില്‍ എത്താന്‍ താല്പര്യം പ്രകടിപ്പിച്ചത്.
നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സനും തമ്മില്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബോറിസ് ജോണ്സന് മുഖ്യാതിഥിയായിരുന്നെങ്കിലും ബ്രിട്ടണിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടത്. ഉക്രൈന് യുദ്ധം നടക്കുന്ന പശ്ചാത്തലത്തിലാണ് വളരെ വേഗത്തിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബോറിസ് ജോണ്സണ് അനുമതി തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: