ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. ചാന്‍സലര്‍ എന്ന നിലയിലാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷിയാണ് ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും അഭിഭാഷകര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനര്‍നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ലെന്നും ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെ അനുകൂലിച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും പ്രമുഖരടക്കം രംഗത്ത് വരികയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: