കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്ക ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിദേശ നാണയ ശേഖരം ദ്രുതഗതിയില്‍ ശൂന്യമായത് അവശ്യ വസ്തുക്കളുടെ ഇറക്കുമതി ബുദ്ധിമുട്ടിലാക്കി. ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവാന്‍ കാരണവും ഇതാണ്. സാമ്പത്തിക ചട്ടക്കൂടിലെ അസന്തുലിതാവസ്ഥ, അന്താരാഷ്ട്ര നാണ്യനിധിയുടെ വായ്പാ സംബന്ധമായ നിബന്ധനകള്‍, ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ എന്നിവയുടെ അനന്തരഫലമാണ് ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി.
പശ്ചാത്തലം
26 വര്‍ഷം (1983 -2009) നീണ്ടുനിന്ന ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം 2012 വരെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച പ്രതിവര്‍ഷം 8-9 ശതമാനം എന്ന നിലയില്‍ ഉയര്‍ന്ന തോതിലായിരുന്നു. 2013ന് ശേഷം ജിഡിപി വളര്‍ച്ചാനിരക്ക് ഇതിന്റെ പകുതിയായി കുറഞ്ഞു. ആഗോളതലത്തില്‍ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവായിരുന്നു കാരണം. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ധിച്ചതും തിരിച്ചടിയായി.
ആഭ്യന്തര കലാപ കാലത്ത് ഈ രാജ്യത്തിന്റെ ബജറ്റ് കമ്മി ഉയര്‍ന്നതും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ കരുതല്‍ ശേഖരത്തെ ഇല്ലാതാക്കി. 2009 ല്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും 2.6 ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. 2016ല്‍ വീണ്ടും 1.5 ബില്യണ്‍ ഡോളറിന്റെ വായ്പയ്ക്കായി ഐഎംഎഫിനെ സമീപിച്ചു. വായ്പാ നിബന്ധനകള്‍ ശ്രീലങ്കയുടെ സാമ്പത്തിക ആരോഗ്യത്തെ കൂടുതല്‍ ക്ഷയിപ്പിച്ചു.
സാമ്പത്തിക ആഘാതങ്ങള്‍
2019 ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ടൂറിസം മേഖലയെ വീണ്ടും പ്രതിരോധത്തിലാക്കി. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശ്രീലങ്കയിലേക്ക് സഞ്ചാരികളുടെ വരവ് നിലച്ചതോടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ പിന്നെയും ഇടിവുണ്ടായി.
2019 ല്‍ അധികാരത്തിലെത്തിയ ഗോദാഭയ രജപക്ഷെ കര്‍ഷകര്‍ക്കായി കുറഞ്ഞ നികുതി നിരക്കും വിശാലമായ തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദുരുപദിഷ്ടമായ ഈ വാഗ്ദാനങ്ങള്‍ ധൃതിയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും പ്രശ്നം കൂടുതല്‍ വഷളാക്കി.
കൊവിഡ് മഹാമാരിയായിരുന്നു പിന്നീട് ശ്രീലങ്കയ്ക്കേറ്റ മറ്റൊരു പ്രഹരം. ചായപ്പൊടി, റബ്ബര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ ഇത് ബാധിച്ചു. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ വരുമാനം വീണ്ടും ഇടിഞ്ഞു. സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ന്നതോടെ 2020-21 ല്‍ ധനക്കമ്മി പത്ത് ശതമാനവും കവിഞ്ഞു. ഡെബ്റ്റ് ടു ജിഡിപി നിരക്ക് 2019 ല്‍ 94 ശതമാനം ആയിരുന്നത് 2021 ല്‍ 119 ശതമാനമായി ഉയര്‍ന്നു.
തിരിച്ചടിയായി രാസവള നിരോധനം
2021 ല്‍ രാസവള ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചു. ജൈവ കൃഷിയിലേക്ക് രാജ്യം പൂര്‍ണ്ണമായും മാറുമെന്ന പ്രഖ്യാപനവും മുന്‍പിന്‍ നോക്കാതെ നടത്തി. പൊടുന്നനെയുള്ള ഈ മാറ്റം ഭക്ഷ്യ ഉത്പാദനം പ്രതിസന്ധിയിലാക്കി. ഇതിന്റെ ഉപോത്പന്നമായ ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ശ്രീലങ്കന്‍ പ്രസിഡന്റിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. കറന്‍സിക്ക് മൂല്യശോഷണവും വരുത്തി. നിലവില്‍ ശ്രീലങ്കയിലെ നാണ്യപ്പെരുപ്പം 15 ശതമാനമാണ്. ഇത് 17.5 ശതമാനമെങ്കിലും ആകുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
താങ്ങായി ഇന്ത്യ
ഇന്ത്യയാണ് ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ശ്രീലങ്കയുടെ അഭയകേന്ദ്രം. ജനുവരിയുടെ തുടക്കത്തില്‍ തന്നെ ഈ ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ജനുവരി മുതല്‍, ഇന്ത്യ ശ്രീലങ്കയ്ക്കായി 2.5 ബില്യണ്‍ ഡോളറാണ് സഹായമായി നല്‍കിയത്. ഫെബ്രുവരിയില്‍ 500 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ധന വായ്പ ഒപ്പുവെച്ചു. 150,000 ടണ്ണിലധികം ജെറ്റ് ഏവിയേഷന്‍ ഇന്ധനം, ഡീസല്‍, പെട്രോള്‍ എന്നിവയും നല്കി. ഭക്ഷണം, മരുന്ന്, അവശ്യസാധങ്ങള്‍ എന്നിവയ്ക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ മറ്റൊരു വായ്പ നല്‍കുന്നതിനും കഴിഞ്ഞ മാസം ധാരണയായി. ശ്രീലങ്കയ്ക്ക് മേലുള്ള ചൈനയുടെ ആധിപത്യം ചെറുക്കുക എന്നതും ഇന്ത്യയുടെ ആവശ്യമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ചൈനയും ശ്രീലങ്കയെ കൈയൊഴിഞ്ഞ മട്ടാണ്. ഈ സന്ദര്‍ഭത്തിലാണ് മോദി സര്‍ക്കാര്‍, ലങ്കയെ ചേര്‍ത്തുനിര്‍ത്തുന്നത്.
പരിഹാര സാധ്യതകള്‍
അവശ്യ വസ്തുക്കളുടെ ക്ഷാമം പരിഹരിച്ചുകൊണ്ട് സാമ്പത്തിക വീണ്ടെടുപ്പിനുള്ള നടപടിക്രമങ്ങളാണ് ശ്രീലങ്കന്‍ ഭരണകൂടം അടിയന്തരമായി സ്വീകരിക്കേണ്ടത്. സാമ്പത്തിക പുരോഗതിക്കാവശ്യമായ മാര്‍ഗ്ഗരേഖകള്‍ക്ക് രൂപം കൊടുക്കുന്നതിന് തമിഴ് രാഷ്ട്രീയ നേതൃത്വവുമായി സര്‍ക്കാര്‍ കൈകോര്‍ക്കണം. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുന്നതിനോടൊപ്പം ആഭ്യന്തര നികുതി വരുമാനം ഉയര്‍ത്തുകയും വേണം. ബാഹ്യ സ്രോതസുകളില്‍ നിന്നുള്ള കടമെടുപ്പ് പരിമിതപ്പെടുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: