തിരുവനന്തപുരം/കാട്ടാക്കട: ഭദ്രകാളിയുടെ തിരുമുടി നിര്‍മ്മാണം സാധനയാക്കിയ ഒരു ദേവശില്പിയുണ്ട്, കള്ളിക്കാടിനടുത്ത് മൈലക്കര ഗ്രാമത്തില്‍. പാരമ്പര്യം പകര്‍ന്നു നല്കിയ ശില്പ നിര്‍മ്മിതിയും ക്ഷേത്ര ഗണിതത്തിലെ പ്രാവീണ്യവും കൈമുതലായുള്ള അപൂര്‍വം ചിലരില്‍ ഒരാള്‍. അഞ്ചുപതിറ്റാണ്ട് പിന്നിട്ട ദാരുശില്പ നിര്‍മ്മാണത്തിനിടെ ആ കരവിരുതില്‍ പിറവിയെടുത്തത് അറുപതോളം തിരുമുടികള്‍. കള്ളിക്കാട് മൈലക്കര നെല്ലിക്കാട് വീട്ടില്‍ ദേവശില്പി എന്‍.ശശി (67) വ്രതശുദ്ധിയോടെ വരിക്കപ്ലാവിന്റെ കാതലില്‍ കൊത്തിയെടുത്ത തിരുമുടികളാണ് ഇന്ന് പല പുരാതന ക്ഷേത്രങ്ങളിലും പുറത്തെഴുന്നള്ളിക്കുന്നത്.
ആചാരങ്ങളും, ദേവീ ഉപാസനയും ഒരു മണ്ഡലകാലത്തെ കഠിനവ്രതവും പാലിച്ചാണ് ശശി ഓരോ ശില്പ പൂര്‍ത്തീകരണവും നടത്തുന്നത്. നൂറ്റാണ്ട് പഴക്കമുള്ള വരിക്കപ്ലാവ് മുറിക്കാതെ മധ്യഭാഗത്തു നിന്ന് കാതല്‍ മാത്രം കടഞ്ഞെടുത്താണ് തിരുമുടി നിര്‍മ്മാണം. അഴിഞ്ഞുലഞ്ഞ ദേവിയുടെ ജഡയെന്ന സങ്കല്‍പ്പത്തില്‍ ഫണം വിടര്‍ത്തി പിണഞ്ഞു കിടക്കുന്ന സര്‍പ്പങ്ങള്‍…. ആനയും സിംഹവും… ചന്ദ്രക്കലയും ചേര്‍ന്നാല്‍ ദേവിയുടെ കിരീടമാകും. ഇങ്ങനെ തിരുമുടിയില്‍ കരവിരുതിന്റെ സൂഷ്മാംശങ്ങള്‍ നിരവധിയാണ്. ഉദയത്തിനു മുമ്പ് ഈറനുടുത്ത് കൊത്തുപണി ആരംഭിക്കും. ഉടുമുണ്ടിലെ ജലാംശം വറ്റിയാല്‍ അന്നത്തെ പണി മതിയാക്കും. ഇങ്ങനെ ഒരു മണ്ഡലമെന്ന 90 ദിവസം കൊണ്ടാണ് ഒരു തിരുമുടി പിറക്കുന്നത്.
നെയ്യാറ്റിന്‍കര താലൂക്കിലെ പെരുന്തച്ചന് എന്ന വിളിപ്പേരിനുടമ അച്ഛന് നീലകണ്ഠന് ആചാരിയാണ് ശില്പകലയില് ശശിയുടെ ഗുരു. 1980 ല്‍ അച്ഛന് മരിച്ചതോടെ തിരുമുടി നിര്‍മ്മാണത്തില്‍ മൈലക്കരയുടെ ദേവശില്പി ശശിയായി. തലസ്ഥാന ജില്ലയില്‍ മാത്രമല്ല, അങ്ങ് മുംബൈയില്‍ മലയാളി സമാജം വക കാളീക്ഷേത്രത്തിലും ശശി ദാരുവില്‍ തീര്‍ത്ത തിരുമുടി പ്രതിഷ്ഠിച്ചിട്ടുണ്ട്. മക്കളായ ഹരിയും ശരത്തും തിരുമുടി നിര്‍മ്മാണത്തില്‍ ശശിയുടെ സഹായികളാണ്. തനിക്കു ശേഷവും മക്കളിലൂടെ ഈ പാരമ്പര്യകല അന്യംനില്‍ക്കാതെ തുടരുമെന്നതാണ് ശശിയെ കൃതാര്ഥനാക്കുന്നത്. ഇപ്പോള്‍ മൈലക്കര ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രഡന്റാണ് ശശി. ഭാര്യ രാഗിണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: