പാലക്കാട് : കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.എസ്. ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദൃക്്സാക്ഷികളായ മൂന്നു പേരുടെ മൊഴിയുടേയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
നേരത്തെ കേസന്വേഷിച്ച പോലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടത്തുകയായിരുന്നു. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ് പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ പങ്ക് വ്യക്തമായത്.
റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന സാക്ഷി വെളിപ്പെടുത്തി. കൂടാതെ ബസ് അമിത വേഗതയിലായിരുന്നെന്നും ഇതില്‍ പറയുന്നുണ്ട്. അപകട ദൃശ്യങ്ങള്‍, പുറത്തുവന്നതോടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: