ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം (യുഎപിഎ ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശിതരൂര്‍ എംപി ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുഎപിഎ അസാധുവാക്കല്‍ ബില്‍ 2022 എന്ന പേരിലാണ് ശശി തരൂര്‍ പുതിയൊരു ബില്‍ അവതരിപ്പിച്ചത്.
യുഎപിഎ ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. യുഎപിഎ പ്രകാരം നടക്കുന്ന 66 ശതമാനം അറസ്റ്റുകളിലും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഈ നിയമപ്രകാരമുള്ള ശിക്ഷാവിധി വെറും 2.4 ശതമാനം മാത്രമാണ്.- ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
രാജ്യസഭയില്‍ യുഎപിഎ അസാധുവാക്കല്‍ ബില്‍ 2022 എന്ന പേരില്‍ ഒരു ബില്‍ അവതരിപ്പിച്ചതായി പിന്നീട് ശശി തരൂര്‍ ട്വിറ്ററില്‍ അറിയിച്ചു.
ഇന്ത്യയ്ക്കെതിരായ നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനാണ് യുഎപിഎ എന്ന ഇന്ത്യന്‍ നിയമം കൊണ്ടുവന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി എന്ത് പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അതിനെതിരെ യുഎപിഎ ചുമത്താം. എന്നാല്‍ പലപ്പോഴും അതല്ല നടക്കുന്നത്.- അദ്ദേഹം ആരോപിച്ചു.
അതേ സമയം ഈ നിയമം അസാധുവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ക്രിമിനലുകള്‍ക്കും തീവ്രവാദികള്‍ക്കും ഏതിരെയാണ് ഈ നിയമം ഉപയോഗിക്കേണ്ടത്. പക്ഷെ ആളുകളെ കുറ്റമുണ്ടെന്നാരോപിച്ച്, ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാനുള്ള ഒരു നിയമമല്ല അത്. എന്നാല്‍ ഇതില്‍ ശിക്ഷാവിധി നടക്കുന്നത് തീരെ കുറവാണ്.- ശശി തരൂര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: