കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ആശയവിനിമയ പരിപാടിയായ ‘പരീക്ഷ പേ ചര്‍ച്ച’യുടെ അഞ്ചാം ലക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൊച്ചിയില്‍ നിന്നും പങ്കെടുത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച പരിപാടിയില്‍ സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളില്‍ പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചര്‍ച്ച. പരിപാടിയെ തുടര്‍ന്ന് വിദ്യാര്‍ഥിനികളുമായി സംവദിച്ച ആരിഫ് മുഹമ്മദ് ഖാന്, വിജയം എന്നതിനര്‍ത്ഥം നിങ്ങള്‍ എല്ലാ ശ്രമങ്ങളിലും വിജയിക്കുന്നു എന്നല്ല എന്നും, മറിച്ച് തോല്‍വിയിലും ആ ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളില്‍ നിന്നും ഒരാള്‍ പഠിക്കാന്‍ ശ്രമിക്കണം എന്ന് വിദ്യാര്‍ത്ഥികളോട് ഉപദേശിച്ച അദ്ദേഹം പരാജയങ്ങളേക്കാള്‍ മികച്ച ഒരു അധ്യാപകനില്ല എന്നും ചൂണ്ടിക്കാട്ടി.
നമ്മള് അസാധാരണരെന്ന് കരുതുന്ന ആളുകള്‍ ജനിക്കുമ്പോള്‍ തന്നെ അങ്ങനെ അല്ല എന്ന് പറഞ്ഞ ഗവര്‍ണര്‍, എല്ലാവര്ക്കും അസാധാരണരായി മാറാനുള്ള കഴിവുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ മനസ്സിനെ എപ്പോഴും പരിശീലിപ്പിക്കുന്നവരാണ് അസാധാരണരായ ആളുകള്‍. അവര്‍ അവരുടെ മുന്നില്‍ അനുദിനം പുതിയ വെല്ലുവിളികള്‍ സ്ഥാപിക്കുകയും അവയെ നേരിടാന്‍ മനസ്സിനെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്മാരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: