നവകേരളത്തെക്കുറിച്ച് വാചാലമാവുകയും സംസ്ഥാനം അതിലേക്കാണ് പുരോഗമിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഇടതുമുന്നണി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നരക കേരളമാണ് സൃഷ്ടിക്കുന്നത്. ബസ്, ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചും കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിച്ചും ജനജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍. ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി മിനിമം ചാര്‍ജ്ജ് 10 രൂപയാക്കിയും രണ്ടര കിലോമീറ്ററിനുമേല്‍ ഓരോ കിലോമീറ്ററിനും ഒരു രൂപ വച്ച് വര്‍ധിപ്പിച്ചുമുള്ള നിരക്കു വര്‍ധന സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. കൊവിഡിന്റെ കാലത്ത് യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. വളരെക്കാലം ഇത് തുടര്‍ന്നശേഷമാണ് പിന്‍വലിച്ചത്. ഇതിനെത്തുടര്‍ന്നാണ് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരത്തിനിറങ്ങിയത്. ഇതാണിപ്പോള്‍ മിനിമം ചാര്‍ജ് 10 രൂപ എന്ന തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. ബസ്സുടമകളുടെ ആവശ്യം ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കാതിരുന്നതും പിന്നീട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതും ഒത്തുകളിയുടെ ഭാഗമാണ്. സര്‍ക്കാര്‍ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയിട്ടില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നാടകമായിരുന്നു ഇത്. നിരക്കുവര്‍ധന 10 രൂപയിലൊതുക്കിയെന്നു പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്.
ദിവസക്കൂലിക്ക് പണിയെടുക്കാന്‍ നഗരങ്ങളിലേക്കും മറ്റും ബസ്സില്‍ യാത്ര ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവരുടെ നടുവൊടിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് വലിയ തുകയാണ് ദിവസവും യാത്രയ്ക്കുവേണ്ടി മാറ്റിവയ്ക്കേണ്ടി വരിക. ഇന്ധനനികുതി കുറച്ചും ഡീസല്‍ സബ്സിഡി നല്‍കിയുമൊക്കെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാമെന്നിരിക്കെ അതിനെക്കുറിച്ചൊന്നും ചിന്തിക്കുകപോലും ചെയ്യാതെയാണ് ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മിനിമം നിരക്ക് 14 രൂപയാക്കണമെന്ന ആവശ്യവുമായി അധികം വൈകാതെ ബസ്സുടമകള്‍ സമരത്തിനിറങ്ങും. അപ്പോള്‍ ഇതിനകം ഉന്നയിച്ചിരിക്കുന്ന 12 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. ജനങ്ങളെ പിഴിയുന്ന ഈ രീതിക്കു പകരം ഇന്ധന നികുതി കുറയ്ക്കുന്നതിനോ ഡീസല്‍ സബ്സിഡിക്കുവേണ്ടിയോ സര്‍ക്കാരിനെതിരെ ബസ്സുടമകള്‍ സമരത്തിനിറങ്ങാത്തത് നേരത്തെ പറഞ്ഞ ഒത്തുകളിയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇത് ഇപ്പോള്‍ അംഗീകരിക്കാത്തതും ഒരു തന്ത്രമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമത്രേ. ബസ്സുടമകളുടെ ആവശ്യം പകുതി അംഗീകരിച്ചതിനു തുല്യമാണിത്. പുതിയ നിരക്കു വര്‍ധനയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും, സംഘടനാതലത്തില്‍ കൂടിയാലോചന നടത്തി വീണ്ടും സമരത്തിനിറങ്ങുമെന്നുമാണ് ബസ്സുടമകള്‍ പറയുന്നത്. കുറഞ്ഞ വരുമാനമുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെ സാമ്പത്തികനില കൊവിഡ് മൂലം തകരാറിലായിരുന്നു. അവരെയൊന്നും കാണാന്‍ കണ്ണില്ലാതെ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയ സര്‍ക്കാര്‍ ജനദ്രോഹമാണ് ചെയ്തിരിക്കുന്നത്.
മദ്യനിര്‍മാണ യൂണിറ്റുകളുടെ എണ്ണം കൂട്ടിയും കൂടുതല്‍ മദ്യശാലകള്‍ തുറന്നും ഐടി പാര്‍ക്കുകളിലടക്കം മദ്യം വിളമ്പിയും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനമെന്ന് പുതിയ മദ്യനയം തെളിയിക്കുന്നു. കൂടുതല്‍ വരുമാനം കിട്ടുമെന്നുള്ളതുകൊണ്ട് ജനങ്ങളെ എങ്ങനെയൊക്കെ മദ്യപാനികളാക്കാമെന്ന് അന്വേഷിച്ചുനടക്കുകയാണ് പിണറായി സര്‍ക്കാര്‍. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്കു കുറയ്ക്കാനും അവയുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള തീരുമാനം ഇങ്ങനെ ഉണ്ടായിട്ടുള്ളതാണ്. കൊവിഡ് കാലത്തുപോലും മദ്യഷോപ്പുകള്‍ക്കു മുന്നിലെ തിരക്കു കുറയ്ക്കാന്‍ നടപടികളെടുക്കാത്ത സര്‍ക്കാരിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാട് ഉണ്ടായിരിക്കുന്നത്. മദ്യം സുലഭമായി ലഭിക്കാത്തതുകൊണ്ടാണ് മയക്കുമരുന്നുകളുടെ ഉപയോഗം വന്‍തോതില്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതെന്നു പറഞ്ഞ ഒരു സര്‍ക്കാരാണിത്. ഇക്കാര്യം ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപനത്തില്‍ പറയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മദ്യം ഒഴുക്കിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല. മദ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടത്രേ. പക്ഷേ മദ്യപാനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളെക്കുറിച്ച്- കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, ലൈംഗിക പീഡനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍-പുതിയ മദ്യനയം മൗനം പാലിക്കുകയാണ്. ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നത് എന്ത് ജനവിരുദ്ധ നടപടികള്‍ക്കുമുള്ള ലൈസന്‍സായി കരുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ ഇനി എന്തൊക്കെ സഹിക്കേണ്ടി വരുമെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: