ഐടി മേഖലയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സോഫ്റ്റ്വെയര് എന്‍ജിനീയര്‍, അനലിസ്റ്റ് മുതലായ ഹൈ പൊട്ടന്‍ഷ്യല്‍ ജോലികള്‍ നേടുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടികള്‍) നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) പ്രോഗ്രാം ഏറെ അനുയോജ്യമാണ്. മൂന്ന് വര്‍ഷമാണ് പഠന കാലാവധി.
അഗര്‍ത്തല, അലഹബാദ്, ഭോപ്പാല്‍, ജംഷഡ്പൂര്‍, കുരുക്ഷേത്ര, റായ്പൂര്‍, സൂരത്കല്‍, തിരുച്ചിറപ്പള്ളി, വാറങ്കല്‍ എന്നിവിടങ്ങളിലെ ഒന്‍പത് എന്‍ഐടികള്‍ ഇക്കൊല്ലം നടത്തുന്ന എംസിഎ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. എന്‍ഐടി- എംസിഎ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (നിംസെറ്റ്-2022) ജൂണ്‍ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 4 മണിവരെ ദേശീയതലത്തില്‍ നടത്തും. എന്‍ഐടി ജംഷഡ്പൂരിനാണ് പരീക്ഷാചുമതല. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി https://nimcet.in ല്‍ ഏപ്രില്‍ 4 രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം. മേയ് 4 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ‘നിംസെറ്റ്-2022’- വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് 2500 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുഡി) 1250 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിഎസ്സി/ബിഎസ്സി (ഓണേഴ്സ്)/ബിസിഎ/ബിഐടി/ബിവോക് (കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ ന്‍സ്/സോഫ്റ്റ്വെയര് ഡവലപ്മെന്റ്)/ബിബിഎ (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ത്രിവത്സര ഫുള്‍ടൈം ബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് ബിരുദം മൊത്തം 60 ശതമാനം മാര്‍ക്കില്‍/6.5 സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/6.0 സിജിപിഎയില്‍ കുറയാതെയുണ്ടാകണം. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 15 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
പരീക്ഷ: നിംസെറ്റ്-2022 ല്‍ 120 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളടങ്ങിയ ഒറ്റ ചോദ്യപേപ്പറാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒാണ് ടെസ്റ്റാണിത്. മാത്തമാറ്റിക്സ് (50 ചോദ്യങ്ങള്‍), അനലിറ്റിക്കല്‍ എബിലിറ്റി ആന്റ് ലോജിക്കല്‍ റീസണിങ് (40), കമ്പ്യൂട്ടര്‍ അവയര്‍നെസ് (10), ജനറല്‍ ഇംഗ്ലീഷ് (20) എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. ശരി ഉത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല.
കേരളത്തില്‍ കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. തിരുച്ചിറപ്പള്ളി, വാറങ്കല്‍, ഹൈദ്രാബാദ്, സൂരത്കല്‍, മുംബൈ/പൂനെ, വാരണാസി, റാഞ്ചി, ദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെ 29 കേന്ദ്രങ്ങളിലാണ് പരീക്ഷ.
അലോട്ട്മെന്റ്: റാങ്ക്ലിസ്റ്റില് സ്ഥാനം പിടിക്കുന്നവര്‍ക്ക് ചോയിസ് ഫില്ലിങ് നടത്തി കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ജൂലൈ 7-12 വരെ വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാകും. നിംസെറ്റ് റാങ്കും ഇന്‍സ്റ്റിറ്റ്യൂട്ട് ചോയിസും പരിഗണിച്ചാണ് സീറ്റ് അലോട്ട്മെന്റ്. ആദ്യ റൗണ്ട് അലോട്ട്മെന്റ് ജൂലൈ 18 ന്. സൗകര്യപ്രദമായ ഏതെങ്കിലും സെന്ററില്‍ ജൂലൈ 23 നും 25 നും മധ്യേ റിപ്പോര്‍ട്ട് ചെയ്യാം. 10,000 രൂപ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. റിപ്പോര്‍ട്ട് ചെയ്യാത്തപക്ഷം അലോട്ട് ചെയ്ത സീറ്റ് നഷ്ടമാവും.
സെക്കന്റ് റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂലൈ 29 ന്. ഓഗസ്റ്റ് 3, 4 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. മൂന്നാമത്തെ അലോട്ട്മെന്റ് ഓഗസ്റ്റ് 8 ന്്. ഓഗസ്റ്റ് 16, 17 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്യാം. കൗണ്‍സലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും അഡ്മിഷന് നടപടിക്രമങ്ങളും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
സീറ്റുകള്‍: എന്‍ഐടികള്‍- അഗര്‍ത്തല-30, അലഹബാദ്-116, ഭോപ്പാല്‍-115, ജംഷഡ്പൂര്‍-115, കുരുക്ഷേത്ര-64 + സ്വാശ്രയ സീറ്റുകള്‍-32), റായ്പൂര്‍-110, സൂരത്കല്‍-58, തിരുച്ചിറപ്പള്ളി-115, വാറങ്കല്‍-58. ആകെ 813 സീറ്റുകളാണുള്ളത്. (എല്ലാ സീറ്റുകളിലും ദേശീയതലത്തിലാണ് പ്രവേശനം). ഓപ്പണ്‍ വിഭാഗത്തില്‍ 314, ഒബിസി-207, എസ്സി-114, എസ്ടി-58, ഇഡബ്ല്യുഎസ്-78/പിഡബ്ല്യുഡി ഓപ്പണ്‍ 15, ഒബിസി-11, എസ്സി-7, എസ്ടി-5, ഇഡബ്ല്യുഎസ്-4) എന്നിങ്ങനെയാണ് പ്രവേശനം. സ്റ്റേറ്റ് ക്വാട്ടാ സീറ്റുകള്‍ ഇല്ല.
കോഴ്സ് ഫീസ് നിരക്കുകള്‍ അതത് എന്‍ഐടിയുടെ വെബ്സൈറ്റില്‍ ലഭിക്കും. കോഴ്സുകള്‍ ഓഗസ്റ്റ് 18 ന് ആരംഭിക്കും. ഒഴിവുള്ള സീറ്റുകള്‍ ഓഗസ്റ്റ് 20 ന് പ്രസിദ്ധപ്പെടുത്തും. ഇതിലേക്കുള്ള ഫ്രഷ് ചോയിസ് ഫില്ലിങ് ഓഗസ്റ്റ് 22-24 വരെ നടത്താവുന്നതാണ്. ഫൈനല്‍ റൗണ്ട് സീറ്റ് അലോട്ട്മെന്റ്-ഓഗസ്റ്റ് 27 ന്. അലോട്ട് ചെയ്ത സ്ഥാപനത്തില്‍ സെപ്റ്റംബര്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്ത് ഫീസ് അടച്ച് അഡ്മിഷന് നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: