ധര്‍മച്യുതി വരുമ്പോള്‍ ലോകരക്ഷാര്‍ത്ഥം അവതാരങ്ങള്‍ പിറവിയെടുക്കുന്നത് ഭാരതീയ ആത്മീയധാരയുടെ മഹിമയാണ്. സിദ്ധയോഗികളുടെ പിറവിയും ഇതേ ശ്രേണിയില്‍ പെടുന്നു. മരണത്തിന്റെ കാലഗണനയില്‍ പെടാത്ത, അമാനുഷികരെന്ന് അവരെ നമുക്ക് വിശേഷിപ്പിക്കാം. സാധാരണക്കാരന്റെ യുക്തിക്ക് അതീതമായ കഴിവുകളാണ് സിദ്ധയോഗികള്‍ക്ക് ഉള്ളത്. പലരൂപങ്ങളില്‍, വേഷങ്ങളില്‍, പലയിടങ്ങളിലായി കാലം കഴിക്കുന്നവര്‍. അനശ്വരശരീരികള്‍.
ഇന്ദ്രിയായതീത സിദ്ധിവൈഭവങ്ങളുമായി നമുക്കിടയില്‍ കഴിഞ്ഞ എത്രയോ യോഗീശ്വരന്മാരില്‍ ഒരാളായിരുന്നു ശിവപ്രഭാകരയോഗി. നട്ടെല്ലില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തി മരണത്തെ അതിജീവിക്കാന്‍ കഴിവുള്ള ഋഷിവര്യനായിരുന്നു അദ്ദേഹം. ശിവപ്രഭാകര യോഗികളുടെ 759-ാമത് ജന്മദിനമാണിന്ന്.
അകവൂര്‍ മനയിലെ അപൂര്‍വ സന്തതി
കൊല്ലവര്‍ഷം 438 ല്‍ മീനത്തിലെ പൂരുരുട്ടാതി നക്ഷത്രത്തില്‍ കാലടി അകവൂര്‍ മനയിലായിരുന്നു യോഗികളുടെ ജനനമെന്ന് പറയപ്പെടുന്നു. ഇരവി നാരായണന്‍ നമ്പൂതിരിയുടെയും ഗൗരി ലക്ഷ്മി അന്തര്‍ജനത്തിന്റെയും പത്താമത്തെ പുത്രനായി പിറന്ന പ്രഭാകരന്‍ നമ്പൂതിരിയാണ് പിന്നീട് ശിവപ്രഭാകര സിദ്ധയോഗിയായി അറിയപ്പെട്ടത്. തെന്നിന്ത്യയിലെ 18 സിദ്ധയോഗികളില്‍ ഒരാളായിരുന്നു ശിവപ്രഭാകര സിദ്ധയോഗി. തമിഴ്‌നാട്ടില്‍ പാമ്പാട്ടി സിദ്ധര്‍, പഞ്ഞിസ്വാമി എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പത്താമത്തെ വയസ്സില്‍ കുലദൈവമായ ശ്രീരാമചന്ദ്രനെ ഗുരുവായി സ്വീകരിച്ച് ഒരു അവധൂതനാല്‍ ആകൃഷ്ടനായി സര്‍വസംഗപരിത്യാഗിയായി അദ്ദേഹം ഹിമാലയ സാനുക്കളിലെത്തി. അവിടെ തപസ്സ് അനുഷ്ഠിച്ച് അഷ്‌ടൈശ്വര്യ സിദ്ധികളും നേടി. അതിനു ശേഷം അവധൂതവൃത്തി അവലംബിച്ച് 12 ാം നൂറ്റാണ്ടു മുതല്‍ 21ാം നൂറ്റാണ്ടു വരെ പരകായ പ്രവേശം എന്ന യോഗവിദ്യയിലൂടെ 14 ശരീരങ്ങള്‍ മാറി, മാറി സ്വീകരിച്ച് വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും വിവിധ നാമധേയത്തില്‍, അവതാര ഉദ്ദേശ്യങ്ങള്‍ നടത്തി ദിവ്യാത്ഭുതങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. സംന്യാ
സലോകത്തെ അറിയപ്പെട്ട എത്രയോ മഹാത്മാക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് സംന്യാസദീക്ഷയും അനുഗ്രഹവും ലഭിച്ചിട്ടുള്ളതായി പറയപ്പെടുന്നു. നീലകണ്ഠ തീര്‍ഥപാദര്‍, തൈക്കാട് അയ്യാ സ്വാമി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, കരുവാറ്റ രാമഭദ്രാനന്ദസ്വാമികള്‍ തുടങ്ങിയ ഗുരുവര്യന്മാരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞ വൈഭവം
പ്രഭാകര ശിവയോഗിയുടെ വൈഭവങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുഖ്യധാരാപത്രങ്ങളില്‍ പോലും വാര്‍ത്തകളായിട്ടുണ്ട്. ‘685 വയസ്സായ യതിവര്യന്‍ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയില്‍’ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത അവയിലൊന്നാണ്. വാര്‍ത്തയുടെ സംഗ്രഹം ഇങ്ങനെ: ‘മുപ്പതു വയസ്സുള്ള് അപരിചിതനെ പോലീസ് അറസ്റ്റു ചെയ്തു. പൂണൂലും നാമമാത്രമായ വസ്ത്രവും ധരിച്ച യുവാവ് തനിക്ക് 685 വയസ്സുണ്ടെന്നാണ് പറഞ്ഞത്. 11 വര്‍ഷം തുടര്‍ച്ചയായി കടലിനടിയില്‍ താമസിച്ചിരുന്നതായും അയാള്‍ പറഞ്ഞു. ചെറുമത്സ്യങ്ങളും കടല്‍പ്പച്ചയും കഴിച്ചാണ് അവിടെ ജീവിച്ചിരുന്നത്. 400 വര്‍ഷം ഹിമാലയത്തിലും കഴിഞ്ഞു. പ്രഭാകരന്‍ എന്നു പേരുള്ള ഇയാളെ തിരുവിതാംകൂറിലെ പലയോഗ്യന്മാരും ആരാധിച്ചു വരുന്നു. ഇയാളെ പോലീസ് തടങ്കലില്‍ വച്ചതില്‍ തദ്ദേശീയരില്‍ വലിയൊരു വിഭാഗത്തിനും കലശലായ ആക്ഷേപമുണ്ട്….’ ഇങ്ങനെ പോകുന്ന വാര്‍ത്താക്കുറിപ്പില്‍ അറസ്റ്റിനു ശേഷം ഭക്ഷണമോ മലമൂത്ര വിസര്‍ജ്ജനമോ നടത്താതെ പൂര്‍ണ ആരോഗ്യവാനായാണ് പ്രഭാകര യോഗികള്‍ ഇരുന്നതെന്നും കൗതുകപൂര്‍വം വിവരിക്കുന്നുണ്ട്.
താന്ത്രികം, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെല്ലാം ശിവപ്രഭാകര യോഗികളുടെ സംഭാവന അമൂല്യമാണ്. അദ്ദേഹത്തിന്റെ അത്ഭുത സിദ്ധികള്‍ നേരിട്ട് അനുഭവിച്ച എത്രയോ അനുയായികള്‍ ജീവിച്ചിരിപ്പുണ്ട്. അപൂര്‍വങ്ങളായ പല ഔഷധികളെക്കുറിച്ചും പ്രഭാകര സിദ്ധയോഗികള്‍ അനുയായികള്‍ക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ഉടല്‍ കായപച്ചയാണ് ഇവയിലൊന്ന്. ഇത് ചതച്ചെടുത്ത നീരു ദേഹത്തു പുരട്ടിയാല്‍ അന്യര്‍ കാണാതെ സഞ്ചരിക്കാം. വെള്ളിച്ചാമരപ്പാലയുടെ പാല്‍ എടുത്ത് പതിവായി സേവിച്ച് ഭൂഗര്‍ഭനിധി കണ്ടെത്താനുള്ള വിദ്യയും അദ്ദേഹത്തിന് അറിയാമായിരുന്നു. പിന്നെയുമുണ്ട് എത്രയോ സിദ്ധൗഷധങ്ങളുടെ പട്ടിക.
ജനനവും സമാധിയും ഒരേ നാളില്‍
ചോറ്റാനിക്കര മാഹാത്മ്യത്തില്‍ ശിവപ്രഭാകരയോഗികളെക്കുറിച്ച് പരാമര്‍ശമുണ്ട്. അക്കാലത്ത് പ്രഭാകരമതം എന്ന പേരില്‍ പ്രതേ്യക സമ്പ്രദായം തന്നെ നിലവിലിരുന്നായി ചരിത്ര രേഖകളില്‍ കാണാം.
ഏഴുനൂറിലേറെ വര്‍ഷം ജീവിച്ചതായി പറയപ്പെടുന്ന അദ്ദേഹം 1986 ഏപ്രില്‍ ഏഴിനായിരുന്നു ശരീരം ഉപേക്ഷിച്ചത്. അതും മീനത്തിലെ പൂരൂരുട്ടാതി നാളില്‍. അക്കാര്യം അദ്ദേഹം മുമ്പേ പ്രവചിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലായിരുന്നു സമാധി.
അദ്ദേഹം 1986 ല്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയില്‍ സ്ഥാപിച്ച ആശ്രമമാണ് ശിവപ്രഭാകരസിദ്ധയോഗീര്വര ആശ്രമം. അമൂല്യഔഷധഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം രചിച്ച താളിയോല ഗ്രന്ഥങ്ങള്‍, അദ്ദേഹത്തിന്റെ യോഗദണ്ഡ്, ശ്രീചക്രം തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചു വരുന്നു. രമാദേവി അമ്മയാണ് ക്ഷേത്രത്തിന്റെ രക്ഷാധികാരി. എല്ലാ വര്‍ഷവും ഗുരുവിന്റെ ജയന്തി ദിനത്തോടനുബന്ധിച്ച് ആശ്രമത്തില്‍ ഗുരുപൂജയും മഹായജ്ഞങ്ങളും നടത്താറുണ്ട്. ജയന്തിയുടെ ഭാഗയുള്ള ഇത്തവണത്തെ പരിപാടികള്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: