ഇരിട്ടി: കേരളം പണിമുടക്കെന്നപേരില്‍ ജനങ്ങളെ ബന്ദികളാക്കി രണ്ടുദിവസം വീട്ടിലിരുത്തിയപ്പോള്‍ എല്ലാം തുറന്നിട്ട് പണം കൊയ്ത് കര്‍ണ്ണാടകം. ഒരു ഞായറാഴ്ചയും രണ്ടു ദിവസത്തെ പണിമുടക്കും കിട്ടിയതോടെ കിട്ടിയ വണ്ടിക്ക് ചുരം കയറുകയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് മലയാളികള്‍. ഇരുചക്രവാഹനങ്ങളില്‍ മുതല്‍ ടൂറിസ്റ്റു ബസ്സുകളില്‍ വരെയാണ് മലയാളികള്‍ കര്‍ണ്ണാടകത്തിലെ കുടക്, മൈസൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് ടൂറിസ്റ്റുകളായി പോയത്.
പണിമുടക്ക് മുന്നില്‍ കണ്ട് കുടകിലെയും മൈസൂരിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലോഡ്ജുകളും ഹോംസ്റ്റേകളും, റിസോര്‍ട്ടുകളും മുന്‍പേ ബുക്ക് ചെയ്താണ് അധികം പേരുമെത്തിയത്. കുടകിലെ വീരാജ്പേട്ട, കുശാല്‍നഗര്‍, മടിക്കേരി എന്നിവടങ്ങളിലെ ലോഡ്ജുകളിലെല്ലാം മുറി കിട്ടാത്ത അവസ്ഥയായിരുന്നു ഈ ദിവസങ്ങളില്‍. ഇവിടങ്ങളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോള്‍ഡന്‍ ടെമ്പിള്‍, നിസര്‍ഗ്ഗധമ ബാംബൂ പാര്‍ക്ക്, ദുബാരെ എലിഫെന്റ് ക്യാമ്പ്, ഹാരംഗി ഡാം, ഹബ്ബി ഫാള്‍സ്, രാജാ സീറ്റ്, മൈസൂരുവിലെ ചാമുണ്ഡി ഹില്‍, സൂ, കെആര്‍എസ് തുടങ്ങിയവിടങ്ങളിലെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാമുള്ള ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും വന്‍ കച്ചവടമാണ് നടന്നത്.
കേരളത്തില്‍ നിന്നും കൂട്ടമായി മലയാളികളെത്തിയപ്പോഴാണ് കര്ണ്ണാടകക്കാര് ഇങ്ങനെ ഒരു പണിമുടക്ക് നടക്കുന്നുണ്ടെന്നു തന്നെ അറിയുന്നത്. ഇവിടെ പണിമുടക്കില്ലേയെന്ന് അന്വേഷിച്ചപ്പോള്‍ അതെന്തിനാണെന്നാണ് വ്യാപാരികള്‍ ചോദിച്ചത്. കേരളത്തില്‍ പണിമുടക്കാണെന്ന് നേരത്തെ അറിഞ്ഞ വ്യാപാരികള്‍ മലയാളികള്‍ കൂട്ടത്തോടെയെത്തുമെന്ന് പ്രതീക്ഷിച്ച് അതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. സത്യത്തില്‍ ദേശീയ പണിമുടക്കെന്ന പേരില്‍ നടന്നത് കേരളത്തില്‍ മാത്രമുള്ള കലാപരിപാടിയായി മാറി. ഇതില്‍ നിന്നും നേട്ടം കൊയ്തത് കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങളും. ടൂറിസം മേഖലയില്‍ മാത്രം ഈ രണ്ടു ദിവസങ്ങളിലായി കര്‍ണ്ണാടകം കൊയ്തത് ലക്ഷങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: