തിരുവനന്തപുരം: നല്ല ചൂടുള്ള വേനല്‍ക്കാലമാണ് വീട്ടില്‍ പാമ്പിനെ പേടിക്കേണ്ട കാലമെന്ന് പാമ്പ് വിദ്ഗധന് വാവ സുരേഷ്. ഈ ചൂടുകാലത്താണ് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും വാവ സുരേഷ് ഓര്‍മ്മിക്കുന്നു.
ചൂട് കൂടുമ്പോൾ പാമ്പുകള്‍ മാളങ്ങൾ വിട്ടു പുറത്തുവരുമത്രെ. ഇനി ഈ വേനലില്‍ പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ സുരേഷ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാം:
തീയിടുമ്പോള്‍
വേനലാകുമ്പോള്‍ ഉണങ്ങിവരണ്ട് നില്ക്കുന്ന ചെടികളും ഇലകളും കാടുമ്പോള് ആദ്യം നമ്മളിലുണ്ടാകുന്ന പ്രവണത തീയിടാനാണ്. എന്നാല്‍ അറിയുക, കാടുപിടിച്ചു കിടക്കുന്ന പരിസരം തീയിടരുത്. പാമ്പുകൾ പുറത്ത് വരും.
വീടിനോട് ചേര്‍ന്ന് വിറക് വേണ്ട
എടുത്തുപയോഗിക്കാനുള്ള സൗകര്യത്തിന് എല്ലാവരും വിറകുപുര കെട്ടുക വീടിനോട് ചേര്‍ന്നാണ്. ചിലര്‍ വീടിനോട് ചേർന്ന് വിറക് അടുക്കി വയ്ക്കാറുണ്ട്. എന്നാല്‍ അറിയുക പാമ്പുകൾ ഇവിടെ ചുരുണ്ടുകൂടി ഒളിക്കാനുള്ള സാധ്യത അധികം.
തുറന്നിടാതിരിക്കാം ജനല്‍...
ജനല്‍ തുറന്നിടുമ്പോള്‍ ശ്രദ്ധിക്കണം. ഇവ പാമ്പുകള്‍ക്ക് എളുപ്പം ഉള്ളിലേക്ക് കയറാനുള്ള വഴിയാണ്.
വേണ്ട ജനലിനോട് ചേര്‍ന്ന് ഇവയൊന്നും
മഴ കൊള്ളാതിരിക്കാന്‍ എന്ന പോലെ വെയില് കൊള്ളാതിരിക്കാനും എല്ലാവരും ജനലിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത് ഒഴിവാക്കണം. അല്ലെങ്കില്‍ സൈക്കിൾ,ബൈക്ക്, ഏണി, വടി എന്നിവയില്‍ പാമ്പുകള്‍ കയറിക്കൂടും.
വീടിനോട് ചേര്‍ന്ന് വേണ്ട ചകിരിയും ചിരട്ടയും
വീടിനോട് ചേര്‍ന്ന് മുറ്റത്ത് ചകിരിയും ചിരട്ടയും ഇഷ്ടികയും ഓടുമെല്ലാം കൂട്ടിയിടുന്ന പതിവ് നമുക്കുണ്ട്. ഇത് വേണ്ട. പരിസരത്തോ വീടിനോട് ചേർന്നോ ചകിരി,ചിരട്ട, ഇഷ്ടിക , ഓട് തുടങ്ങിയവ കൂട്ടിയിടരുത്
മറയുള്ളവ മുറ്റത്ത് വേണ്ട
ഷൂസ് അടക്കം കവറിംഗുള്ള ചെരുപ്പുകൾ മുറ്റത്ത് ഇടരുത്.
വാതില്‍ തുറന്നിടല്ലേ
കടുത്ത വേനലില്‍ ഒരല്പം ഇളം കാറ്റ് വന്നോട്ടെ എന്ന പേരില്‍ നമ്മള് വാതിൽ തുറന്നിടുന്ന പതിവുണ്ട്. ഇത് വേണ്ട. ചുവരിനോട് ചേർന്നാണ് ഇഴജന്തുക്കൾ സഞ്ചരിക്കുന്നതെന്ന് ഓര്‍ക്കുക.
പടരുന്ന ചെടികള്‍ വീട്ടിലേക്ക് വേണ്ട
പടരുന്ന ചെടികള്‍ കാണാന്‍ രസമുള്ള കാഴ്ചയാണ്. പക്ഷെ വീടിനോട് ചേർന്ന് പടരുന്ന ചെടികൾ ഒഴിവാക്കണം
മാളങ്ങള്‍ അടയ്ക്കാം
പൊത്തുകള്‍, നീണ്ട മാളങ്ങള്‍ ഇവ വീടിന്റെ പരിസരത്തില്ലെന്ന് ഉറപ്പാക്കണം. ഈ മാളങ്ങള്‍ പാമ്പ് താവളമാക്കും.
ഇടയ്ക്കൊക്കെ ഡീസല്‍ അടിക്കാമേ….
ഇടയ്ക്കിടെ വേനലില്‍ പറമ്പ് വൃത്തിയാക്കുക പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ ഡീസൽ സ്പ്രേ ചെയ്താൽ ആ ഭാഗത്തേക്ക് ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല
ഒഴിവാക്കാം മലിന ജലം
മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ദാഹം തീർക്കാൻ പാമ്പുകൾ ഈ വെള്ളം തേടി വരും.
അന്യന്റെ പറമ്പ് കുപ്പത്തൊട്ടിയാക്കല്ലേ…
അടുത്ത പറമ്പിലേക്ക് മാലിന്യം തള്ളല്‍ നമ്മുടെ സ്ഥിരം ദുശ്ശീലമാണ്. ഈ അഴുക്കുകൂമ്പാരത്തില്‍ എലിയെ പിടിക്കാനെത്തുന്ന പാമ്പുകൾ നമ്മുടെ പറമ്പിലേക്കും കടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: