ന്യൂദല്‍ഹി: കഴിഞ്ഞ 50 വര്‍ഷമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിച്ച് അസം-മേഘാലയ സംസ്ഥാനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടാതെ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കരാര്‍ ഒപ്പിടുന്ന വേളയില്‍ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ നടന്ന യോഗത്തില്‍ മേഘാലയ സര്‍ക്കാരിന്റെ 11 പ്രതിനിധികളും അസം സര്‍ക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു. വടക്കുകിഴക്കന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമെന്നാണ് കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. ഇതോടെ സംസ്ഥാനങ്ങള്‍ തമ്മില്‍ 50 വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായി.
885 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പ്രദേശമാണ് അസം മേഘാലയ സംസ്ഥാനങ്ങള്‍ പങ്കിടുന്നത്. പ്രധാനമായും 12 മേഖലകളിലായിരുന്നു അതിര്‍ത്തി തര്‍ക്കം നേരിട്ടിരുന്നത്. ഇവിടെ ദശാബ്ദങ്ങളായി നീണ്ടുനിന്നിരുന്ന തര്‍ക്കത്തിന് കരാര്‍ ഒപ്പിട്ടതോടെ വിരാമമായി. 1971-ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലായിരുന്നു മേഘാലയയെ അസമില്‍ നിന്ന് വേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു അതിര്‍ത്തി പ്രശ്നങ്ങള്‍ ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: