കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഇന്നും ദിലീപിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. അന്വേഷണ സംഘം മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഏഴ് മണിക്കൂറോളമാണ് ദിലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സംബന്ധിച്ചും, കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്യുന്നത്.
എന്നാല്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടതായി സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ദിലീപില്‍ നിന്നും ചോദിച്ചറിയും. കൂടാതെ വിചാരണ ഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര് കൂറ് മാറിയിട്ടുണ്ട്. ഇതില്‍ ദിലീപിനുള്ള പങ്ക്. സാക്ഷി ജന്സന് അടക്കമുള്ളവര്‍ ദിലീപിന്റെ അഭിഭാഷകര്‍ കൂറ്മാറാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് വിചാരണ കോടതിയെ അറിയിച്ചത്. എന്നാല്‍ ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പലവട്ടം കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണ സംഘം ചോദിച്ചറിയും.
ഫോറന്‍സിക് പരിശോധിച്ച ഫോണിലെ ചില വിവരങ്ങള്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ദീലിപ് മായ്ച്ചു കളഞ്ഞിരുന്നു. വിദഗ്ധ പരിശോധനയില്‍ ഈ വിവരങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിലെ നിര്‍ണ്ണായക രേഖകളാണ്. ദിലീപ് നേരത്തെ നല്കിയ മൊഴികളില്‍ നിന്ന് വിഭിന്നമായ കണ്ടെത്തലുകളാണ് ഇതില്‍ ഉള്ളത്. ഇതുസംബന്ധിച്ചും ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസില്‍ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിട്ടയക്കുകയാകും അന്വേഷണ സംഘം ചെയ്യുക.
അതേസമയം വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന് ആയിരിക്കും കേസ് പരിഗണിക്കുക. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: