ന്യൂദല്‍ഹി: രാജ്യത്ത് പുതിയ 21 സൈനിക സ്കൂളുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എന്‍ജിഒകള്‍, സ്വകാര്യ സ്കൂളുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണത്തോടെ സ്കൂളുകള്‍ ആരംഭിക്കാനുള്ള ഈ പദ്ധതിക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നല്കി. പങ്കാളിത്ത രീതിയില്‍ രാജ്യത്തുടനീളം നൂറ് പുതിയ സൈനിക സ്കൂളുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ആദ്യഘട്ടമാണിത്.
നിലവിലുള്ള സൈനിക സ്കൂളുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇവ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്ക് സായുധ സേനയില്‍ ചേരുന്നതുള്‍പ്പെടെ മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് 100 സൈനിക സ്കൂളുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാന്‍ ഇന്നത്തെ യുവാക്കളെ ശുദ്ധീകരിക്കുന്നതിലൂടെ രാഷ്ട്രനിര്‍മ്മാണത്തിനായി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കുന്നു.
അനുമതി നല്കിയ 21 സ്കൂളുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്കൂളുകളും ആറെണ്ണം സ്വകാര്യ സ്കൂളുകളും 12 എണ്ണം എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് കീഴിലുള്ളതുമാണ്. കേരളത്തില്‍ എറണാകുളം ജില്ലയിലെ ശ്രീ ശാരദാ വിദ്യാലയമാണ് സൈനിക സ്കൂളാവുക. പ്രവേശനപ്രക്രിയയിലും വിപുലമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആറാംക്ലാസിലേക്ക് മാത്രമായിരിക്കും പ്രവേശനം. അഖിലേന്ത്യാ സൈനികസ്കൂള്‍ പ്രവേശനപരീക്ഷ പാസായവര്ക്കായിരിക്കും 40 ശതമാനം സീറ്റിലേക്കുള്ള പ്രവേശനം. ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പരിഗണിക്കും. ഇവര്‍ക്ക് പ്രത്യേകപരീക്ഷ നടത്തി പ്രവേശനം നല്‍കും. 2022-ലെ അഖിലേന്ത്യാ സൈനികസ്കൂള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ https:/sainikschool.ncog.gov.in എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തശേഷം ഇ-കൗണ്‍സലിങ്ങിന് മുന്‍ഗണനാക്രമത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുക്കണം.
പുതിയ സൈനിക സ്കൂളുകള്‍, അതത് വിദ്യാഭ്യാസ ബോര്‍ഡുകളുമായുള്ള അഫിലിയേഷന് കൂടാതെ, സൈനിക സ്കൂള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുകയും സൊസൈറ്റി നിര്‍ദേശിക്കുന്ന പങ്കാളിത്ത മോഡില്‍ പുതിയ സൈനിക സ്കൂളുകള്‍ക്കായുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യും. നിലവിലെ അഫിലിയേറ്റഡ് ബോര്‍ഡ് പാഠ്യപദ്ധതിക്ക് പുറമേ, സൈനിക് സ്കൂള്‍ പാറ്റേണിലെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് പ്ലസ് പാഠ്യപദ്ധതിയുടെ വിദ്യാഭ്യാസവും നല്‍കും. ഈ സ്കൂളുകളുടെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ https:/sainikschool.ncog.gov.in എന്നതില്‍ ലഭ്യമാണ്.
പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍, താത്പര്യമുള്ള സ്കൂളുകള്‍/എന്‍ജിഒകള്‍ എന്നിവര്‍ക്ക് 2022 ഏപ്രില്‍ ആദ്യവാരം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. നേരത്തേ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ വീണ്ടും രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: