ഇറക്കത്ത് രാധാകൃഷ്ണന്
നിമി രാജാവിന്റെ ചോദ്യത്തിന് യോഗി ദ്രുമിളനാണ് മറുപടി പറയുന്നത്? ഭഗവാന്റെ അവതാരങ്ങളെക്കുറിച്ച് പറയുക അസാധ്യമാണ്. ഗുണങ്ങളേയും ഗണിക്കുവാന്‍ കഴിയുകയില്ല. അളവറ്റ അവതാരങ്ങളേയും ഗുണങ്ങളേയും സംക്ഷേപിച്ച് പറയുവാനേ കഴിയുകയുള്ളൂ. ഭൂമിയിലെ മണല്‍ത്തരികളുടെ എണ്ണം പറയാന്‍ ശ്രമിക്കുന്നതുപോലെ ദുഷ്കരമാണ് അവതാരലീലകളെക്കുറിച്ച് പറയുക. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ഭഗവാന്റെ അവതാര മഹിമ അസാധ്യമാണ്. സമ്പൂര്‍ണ ശക്തികേന്ദ്രമായ ബ്രഹ്മത്തില്‍ നിന്ന് വിരാട് പുരുഷനും വിരാട് പുരുഷനില്‍ നിന്ന് നാരായണനും ഉണ്ടായി. സത്വഗുണത്തെ ആശ്രയിച്ച് വിഷ്ണുവും വിഷ്ണുവിന്റെ രജോഗുണത്തില്‍ നിന്ന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും തമോഗുണത്തില്‍ നിന്ന് സംഹാര കര്‍ത്താവായ രുദ്രനും അവതരിച്ച് സൃഷ്ടിസ്ഥിതിലയങ്ങളെ പരിപാലിക്കുന്നു.
ദക്ഷപുത്രിയില്‍ നിന്ന് നരനാരായണനായി ജനിച്ച ഋഷിയുടെ തപസ്സുമുടക്കാന്‍ ശ്രമിച്ച ദേവേന്ദ്രന് സുന്ദരീരത്നമായ ഉര്‍വ്വശിയെ ദേവന്മാര്ക്ക് സമ്മാനിച്ച് ദേവേന്ദ്രന്റേയും കാമദേവന്റെയും അഹങ്കാരം ഇല്ലാതാക്കി. തപസ്വികളുടെ നിഷ്കാമകര്‍മ്മത്തെ ഒരു ശക്തിക്കും തര്‍ക്കാന്‍ കഴിയില്ലെന്ന് നാരായാണ ഋഷി തെളിയിച്ചു. ഗരുഡനെ വാഹനമാക്കിയും കപില മഹര്‍ഷിയായും, സനകാദികളായും, ഋഷഭന്, ദത്താത്രേയന്, പ്രഹ്ളാദന്, ശേഷന്, ഗരുഡന്, ഇന്ദ്രന്, ആദിത്യന്, ഇന്ദ്രാണി, ഉര്‍വ്വശി, കല്പവൃക്ഷം, ധന്വന്തരി, മോഹിനി, മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, പരശുരാമന്, ശ്രീരാമന്, ബലരാമന്, ശ്രീകൃഷ്ണന്, ബുദ്ധന്, കല്‍ക്കി, എന്നിവരായും അവതാരമെടുത്തു.
ബ്രഹ്മജ്ഞാനികളും ദേവന്മാരും രാക്ഷസന്മാരും ഭൂമിയില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും ലോകങ്ങളും അലോകങ്ങളും സര്‍വ്വവും വിഷ്ണുവാണ്. ആരുടെ ശരീരത്തിലാണോ ത്രിലോകങ്ങള്‍ സ്ഥിതിചെയ്യുന്നത് ആരുടെ ഇന്ദ്രിയങ്ങള്‍ കൊണ്ടാണോ സര്‍വ്വര്‍ക്കും ഇന്ദ്രിയങ്ങള്‍ ഉണ്ടായത്, ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ ആര്‍ക്കാണോ ജ്ഞാനമുണ്ടായത്, ആരുടെ പ്രാണനില്‍ നിന്നാണോ ജീവജാലങ്ങള്‍ക്ക് ഓജസ്സും ബലവും പ്രവര്‍ത്തികളും ഭവിച്ചത്, ആരുടെ ഗുണങ്ങള്‍ കൊണ്ടാണോ പ്രഞ്ചത്തെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് വിധേയമാക്കുന്നത്, ആ ശക്തിയാണ് ആദി പുരുഷനായ നാരായണന്.
വിഷ്ണുഭഗവാന് ഹംസരൂപിയായി അവതരിച്ച് ബ്രഹ്മാവിന് ആത്മജ്ഞാനം ഉപദേശിച്ചു. ലോകക്ഷേമ നിര്‍വ്വഹണത്തിനായി ദത്താത്രേയനായി അവതരിച്ചു. പിന്നീട് ഹയഗ്രീവനായും ഋഷഭനായും അവതരിച്ചു. മധുവിനെ നിഗ്രഹിച്ച് വേദങ്ങളെ വീണ്ടെടുത്തു. മത്സ്യമൂര്‍ത്തിയായി പ്രളയത്തില്‍ നിന്ന് മനുവിനേയും ഭൂമിയേയും ഔഷധി വര്‍ഗത്തേയും രക്ഷിച്ചു.
പാലാഴിയില്‍ മന്ദരപര്‍വ്വതത്തെ ഉയര്‍ത്താന്‍ കൂര്‍മ്മമായി. വരാഹമായി അവതരിച്ച് സാഗരത്തില്‍ നിന്നും ഭൂമിയെ വീണ്ടെടുത്ത് ഹിര്യാണക്ഷനെ വധിച്ചു. നരസിംഹരൂപമെടുത്ത് ഹിരണ്യകശിപുവിനെ വധിച്ച് പ്രഹ്ളാദനെ രക്ഷിച്ചു. വാമനനായി അവതരിച്ച് ബലിയില്‍ നിന്നും ലോകം ദേവന്മാര്ക്ക് നല്കി. മുതലയുടെ വായിലകപ്പെട്ട ഗജശ്രേഷ്ഠനെ രക്ഷിച്ചു. സമുദ്രത്തിലകപ്പെട്ടു പോയ ഋഷിവര്യന്മാരെ രക്ഷിച്ചു. കശ്യപമഹര്‍ഷിയുടെ ആവശ്യപ്രകാരം ചമത കൊണ്ടുവരാന്‍ പോയ ചൂണ്ടുവിരല്‍ വലിപ്പമുള്ള ബാലഖില്യന്മാര് എന്ന മുനിഗണങ്ങള്‍ ഗോഷ്പദ നീരില്‍ മുങ്ങിപ്പോയപ്പോള്‍ ഭഗവാന് അവരെ രക്ഷിച്ചു. ബ്രഹ്മഹത്യാപാപമേറ്റ ഇന്ദ്രന്റേയും ദൈത്യേന്ദ്രന്‍ അപഹരിച്ച ദേവസ്ത്രീകളുടെയും രക്ഷകനായി. ഭഗവാന് മന്വന്തരങ്ങള്‍ തോറും ഭൂമിയിലവതരിച്ച് അസുരനിഗ്രഹം നടത്തി ധര്‍മ്മത്തെ പുനഃസ്ഥാപിക്കുന്നു.
പരശുരാമനായി ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി. ശ്രീരാമനായി ലങ്കയില്‍ സേതുബന്ധനം തീര്‍ത്ത് രാവണനെവധിച്ചു കൃഷ്ണനായി അവതരിച്ച് ഭൂഭാരത്തെ കുറച്ച്, ദേവന്മാര്ക്ക് കൂടി ദുഷ്ക്കരമായ അനേകം അത്ഭുതകര്‍മ്മങ്ങള്‍ കാട്ടിക്കൊടുത്തു. കലിയുഗ അന്ത്യത്തില്‍ ദുഷ്ടഭൂപന്മാരെയെല്ലാം ഇല്ലാതാക്കി ഭൂമിയെ രക്ഷിക്കും. അമിത കീര്‍ത്തിമാനായ ഭഗവാന് നാരായണന്റെ അവതാര മഹിമകളാണിത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: