ഇടുക്കി: പൊന്മുടി ജലസംഭരണിയോട് ചേര്‍ന്നുള്ള 21 ഏക്കര്‍ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് നല്കിയ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കാതെ കെഎസ്ഇബി. 15 ദിവസത്തിനകം ഹാജരാക്കാനായിരുന്നു നിര്‍ദേശം. ഈ ഭൂമി 2019ല്‍ നടപടികള്‍ പാലിക്കാതെ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയിരുന്നു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കെഎസ്ഇബിയുടെ ആവശ്യത്തിനായാണ് കൈമാറിയിരുന്നത്. ഇത് വിവാദമായതോടെയാണ് രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. രേഖകള്‍ ഇരു വിഭാഗത്തിന്റെയും പക്കലില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
21 ഏക്കറില്‍ റവന്യൂ പുറമ്പോക്ക് ഭൂമിയുമുണ്ടെന്ന് 2019ല്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നല്കിയ റിപ്പോര്‍ട്ട് തെറ്റാണെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ കെഎസ്ഇബിയുടെ കല്ലാര്‍കുട്ടിയിലെ ജനറേഷന് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ഡാം സുരക്ഷ വിഭാഗത്തിലെ പാംബ്ല എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനുമാണ് നോട്ടീസ് നല്കി.
ഹൈഡല്‍ ടൂറിസം സെന്ററുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് മാത്രമാണ് ബാങ്ക് കൈമാറിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂരേഖ തഹസില്‍ദാര്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കളക്ടറുടെ ഉത്തരവ് കിട്ടിയ ശേഷം സര്‍വേയുമായി മുന്നോട്ടുപോകാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം. പൊന്മുടി അണക്കെട്ട് പണിയാനായാണ് ഭൂമി കൈമാറിയത്. വിലകൊടുത്ത് വാങ്ങിയ ഭൂമി അല്ലാത്തതിനാല്‍ കെഎസ്ഇബിക്ക് ഈ സ്ഥലം മറ്റൊരാള്‍ക്ക് കൈമാറാനാകില്ല.
ഭൂമി തങ്ങളുടേതെന്ന് തെളിയിക്കാന്‍ കെഎസ്ഇബിക്ക് കഴിയാത്തതിനാല്‍ ഇത് തിരികെ ഏറ്റെടുക്കാനുള്ള നടപടിയുണ്ടായേക്കും. അതേസമയം സര്‍വേയുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: