ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഏറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശി നാരായണന്. ഇന്ന് രാവിലെ നടത്തിയ മന് കീ ബാത്തിലാണ് നാരായണനെ പ്രധാനമന്ത്രി അഭിനന്ദിച്ചതും ലോകത്തിന് പരിചയപ്പെടുത്തിയതും. പക്ഷിമൃഗാദികള്‍ക്ക് വേനല്‍ക്കാലത്ത് ദാഹജലം ലഭ്യമാക്കാന്‍ നാരായണന് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് കാരണമായത്. ജീവജലത്തിന് ഒരു മണ്‍പാത്രം എന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്. നാരായണന് എല്ലാവര്ക്കും പ്രചോദനമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുപ്പത്തടം നാരായണന് പക്ഷിമൃഗാദികള്‍ക്ക് വേനല്‍ക്കാലത്ത് ദാഹജലം ലഭ്യമാക്കാന്‍ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുക എന്ന ദൗത്യം നിര്‍വ്വഹിക്കുകയാണെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചൂടില്‍ പക്ഷിമൃഗാദികളുടെ വിവശത കണ്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. തനിക്ക് എന്തുകൊണ്ട് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തുകൂടാ, അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ ആ പാത്രങ്ങളില്‍ വെള്ളം നിറച്ചാല്‍ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. നാരായണന് ഇതുവരെ വിതരണം ചെയ്ത മണ്‍പാത്രങ്ങളുടെ എണ്ണം ഒരുലക്ഷം കടക്കാന്‍ പോകുന്നു എന്ന കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തും. തന്റെ ദൗത്യത്തിലെ ഒരുലക്ഷം തികയ്ക്കുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തിന് നല്‍കും. വേനല്‍ തീക്ഷണമാകുന്ന ഈ സമയത്ത് നാരായണന്റെ പ്രവൃത്തി തീര്‍ച്ചയായും പ്രചോദനമാകും. ഈ ചൂടില്‍ പക്ഷിമൃഗാദികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തിയില്‍ എല്ലാവരും ഏര്‍പ്പെടണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: