തൃശ്ശൂര്‍: കെ റെയില്‍ കല്ലിടല്‍ സംഘര്‍ഷങ്ങള്‍ പലയിടത്തും രൂക്ഷമാകാന്‍ കാരണമായത് പോലീസിന്റെ ധിക്കാരപൂര്‍വ്വമായ ഇടപെടല്‍. പ്രാദേശിക എതിര്‍പ്പുകളെ മസില്‍ പവര്‍ കൊണ്ട് എളുപ്പം അടിച്ചൊതുക്കാമെന്ന ധാരണയായിരുന്നു സര്‍ക്കാരിനും പോലീസിനും. ബലം പ്രയോഗിക്കാനും എതിര്‍ക്കുന്നവരെ നേരിടാനും പോലീസിന് സര്‍ക്കാര്‍ തന്നെയാണ് നിര്‍ദേശം നല്കിയത്. എന്നാല്‍ ഈ തന്ത്രം എതിര്‍പ്പ് കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുകയായിരുന്നു. മാടപ്പള്ളിയിലെ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമവും മറ്റും വലിയ ജനരോഷം സൃഷ്ടിച്ചു.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളില്‍ വലിയ അമര്‍ഷമുണ്ട്. പോലീസിനെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിലെ അപകടം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഡിജിപിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. തത്കാലം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇതും കാരണമായിട്ടുണ്ട്. എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്. ഇത്തരം വിരട്ടലുകള്‍ കൊണ്ട് പ്രതിഷേധം ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎം ചായ്‌വുള്ള പോലീസുകാരാണ് ഇതിന് നേതൃത്വം നല്കിയത്. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി.
കല്ലിടാന്‍ വ്യക്തികളുടെ സ്വകാര്യ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്കണമെന്ന നടപടിക്രമം പാലിക്കാതെ പൂട്ടുപൊളിച്ചും മതില്‍ ചാടിക്കടന്നും മറ്റുമാണ് പോലീസുകാരും ഉദ്യോഗസ്ഥരും പലയിടത്തും എത്തിയത്. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുക, ചെടികളും മരങ്ങളും നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങളും ഇവര്‍ കാണിച്ചു. തിരിച്ചറിയാതിരിക്കാന്‍ യൂണിഫോമില്‍ നിന്ന് നെയിംബോര്‍ഡ് നീക്കിയിരുന്നു. അതിക്രമത്തിനിരയായവര്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന ഭയം പോലീസുകാര്‍ക്കുണ്ട്. അതാണ് പേര് മറച്ചുവെക്കാന്‍ കാരണം. ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് പോലീസിന്റെ വിരട്ടല്‍ തന്ത്രം പാളിയത്. ഇനി നിയമ നടപടിയും നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ പല പോലീസുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: