ലക്നൗ: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്നൗ ഏകാന സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 50,000ത്തിലധികം കാണികള്‍ പങ്കെടുത്ത ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് യോഗി സത്യവാചകം ചൊല്ലിക്കൊടുത്തത്.കേശവ് മൗര്യ, ബ്രജേഷ് പഥക്ക് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശര്‍മ്മയ്ക്ക് പകരമാണ് ബ്രജേഷ് പഥക്കിനെ നിയമിച്ചത്. യോഗിക്കൊപ്പം 52 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനു ശേഷം ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.സത്യപ്രതിജ്ഞാ ചടങ്ങ് മെഗാഷോയാക്കി, നടനും രാഷ്ട്രീയക്കാരനുമായ ദിനേഷ് ലാല്‍ യാദവ് സന്ദര്‍ശകര്‍ക്കായി നിരവധി വര്‍ണ്ണാഭമായ പരിപാടികള്‍ സംഘടിപ്പിച്ചു.
ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദിത്യനാഥ് വ്യാഴാഴ്ച ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു.സന്യാസിയായി മാറിയ രാഷ്ട്രീയക്കാരന് തന്റെ അഞ്ച് വര്‍ഷത്തെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ച്ചയായി രണ്ടാം തവണയും ഭരണം പിടിച്ചപ്പോള്‍ അത് 37 വര്‍ഷത്തിന് ശേഷമുള്ള ചരിത്രമായി. 2017ല്‍ യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ്, 1998 മുതല്‍ 2017 വരെ തുടര്‍ച്ചയായി അഞ്ച് തവണ അദ്ദേഹം ഗോരഖ്പൂര്‍ എംപിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: