തൊടുപുഴ: മാരിയില്‍ കലിങ്ക്- കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നതിനെതിരെ വേറിട്ട സമരവുമായി യുവമോര്‍ച്ച. നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തില്‍ ഫുഡ്ബോള്‍ മത്സരം സംഘടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
5 കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം 7 വര്‍ഷം കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മുതലിയാര്‍മഠം കെഎംജെ കോബ്രാസും കാഞ്ഞിരമറ്റം നൈറ്റ് റൈഡേഴ്സും തമ്മിലുള്ള വാശിയേറി ഫുഡ്ബോള്‍ മത്സരമാണ് നടത്തിയത്. നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍നേടി തുല്യതയിലെത്തി. ഇതോടെ മത്സരം ഷൂട്ട് ഔട്ടിലേയ്ക്ക് നീങ്ങി. ഇരു ടീമുകളും നാലു ഗോള്‍ വീതം നേടി വീണ്ടും തുല്യത. വീണ്ടും നടത്തിയ മത്സരത്തില്‍ ഒരു ഗോള്‍ നേടി കാഞ്ഞിരമറ്റം നൈറ്റ് റൈഡേഴ്സ് വിജയിച്ചു.
കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് വകുപ്പ് മന്ത്രി നേരിട്ട് എത്തി പാലം പരിശോധിച്ചതാണ്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിലെ പ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നടക്കം നീണ്ട് പോകുകയായിരുന്നു. ഫുട്ബോള്‍ സമരം പാര്‍ലമെന്ററി ബിജെപി പാര്‍ട്ടി ലീഡര്‍ പി.ജി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. സമരത്തോട് അനുബന്ധിച്ച് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ബിജെപി മദ്ധ്യ മേഖല സെക്രട്ടറി റ്റി.എച്ച്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. വിനോദ് മുഖ്യ പ്രഭാഷണം നടത്തി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റ്റി.എസ്. രാജന്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്രീകാന്ത് കാഞ്ഞിരമറ്റം, ജില്ലാ ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്, യുവമോര്‍ച്ച മണ്ഡലം നേതാക്കളായ ശ്രീരാജ്, മുനിസിപ്പല്‍ പ്രസിഡന്റ് ആകാശ്, നിതീഷ്, ബിജെപി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.എസ്. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. അതേ സമയം മത്സരത്തിന് വിജയികളെ തീരുമാനമായപ്പോഴും തൊടുപുഴയാറിന് സമീപം ഈ പാലം ഇപ്പോഴും രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധരുടെയടക്കം താവളമായി മാറി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: