കൊല്‍ക്കത്ത : ബംഗാള്‍ ബിര്‍ഭൂമില്‍ സ്ത്രീകളും കുട്ടികളേയും ഉള്‍പ്പടെ ചുട്ടുകൊന്ന കേസില്‍ അന്വേഷണത്തിന് സിബിഐയെ നിയോഗിച്ചു. 12 പേരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ കേസ് സിബിഐക്ക് വിട്ടുകൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് വിധി.
കേസ് അന്വേഷിക്കുന്ന ബംഗാള്‍ പോലീസ് പ്രത്യേക സംഘത്തോട് ഫയലുകള്‍ എത്രയും വേഗം സിബിഐക്ക് കൈമാറാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ ഏഴിന് കേസ് വീണ്ടും വാദം കേള്‍ക്കും അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അന്ന് സമര്‍പ്പിക്കാനും സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കോടതി ബുധനാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് പിന്നാലെ ചൊവ്വാഴ്ച ബിര്‍ഭൂമില്‍ അക്രമി സംഘമെത്തി വീടുകള്‍ക്ക് തീയിടുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 12 പേരാണ് വെന്ത മരിച്ചത്. കൂടാതെ അക്രമികള്‍ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു.
നേരത്തേ ബീര്‍ഭൂം കൂട്ടക്കൊലയില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നതായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇത് കൂടാതെ ബീര്‍ഭൂം കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത് തൃണമൂല്‍ നേതാവ് അനാറുള്‍ ഹുസൈനെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മമത സര്‍ക്കാരിനോട് മനുഷ്യാവകശാ കമ്മിഷന് വിശദീകരണവും തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: