മഹാരാഷ്ട്രയുടെ വടക്കു പടിഞ്ഞാറ് പശ്ചിമഘട്ടത്തിന്റെ താഴ്വരയില് ഗോദാവരി നദിക്കരയിലുള്ള പട്ടണമാണ് നാസിക്. ഭഗവാന് ശ്രീരാമന്റെ വനവാസത്തില്‍ നല്ലൊരു പങ്കും കഴിച്ചുകൂട്ടിയ പഞ്ചവടിയുടെ പുതിയ രൂപം.
രാമായണത്തില്‍ ആരണ്യകാണ്ഡത്തില്‍ പരാമര്‍ശിക്കുന്ന കഥാസന്ദര്ഭങ്ങള്ക്കെല്ലാം വേദിയാകുന്നത് പഞ്ചവടിയാണ്. രാവണന്റെ സീതാപഹരണത്തിലൂടെ ഇതിഹാസത്തിലെ കഥയൊഴുക്കിന് ഗതിമാറ്റം വരുന്നതു പോലും ഈ ആരണ്യഭൂമിയിലാണ്.
പവിത്രയായ പഞ്ചവടി
പഞ്ചവടിയെന്നാല് അഞ്ച് (പഞ്ചം) ആല്‍മര (വടവൃക്ഷം) ങ്ങളുടെ കേന്ദ്രം. പുണ്യതീര്‍ത്ഥമായ ഗോദാവരി ഉത്ഭവിച്ച് ഒഴുകുന്നത് ഇതുവഴിയാണ്. നദിയോരം നിറയെ ക്ഷേത്രങ്ങള്‍ കാണാം. എങ്ങും രാമപാദം പതിഞ്ഞയിടങ്ങള്‍. വല്മീകിയുടെ രചനാവൈഭവത്തിന് ഊര്‍ജ്ം പകര്‍ന്ന പ്രദേശം.
കറുത്തശിലയിലെ രാമന്
സീതയ്ക്കും ലക്ഷ്മണനുമൊപ്പം രാമന് പര്‍ണകുടീരം കെട്ടി താമസിച്ചതായി പറയപ്പെടുന്ന സ്ഥലത്തിനു തൊട്ടരികെ ഒരു രാമക്ഷേത്രമുണ്ട്. അതാണ് കാലാറാം മന്ദിര്‍. മരത്തടികള്‍ കൊണ്ടു പണിത ജീര്‍ണിച്ചൊരു ക്ഷേത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. 1782 ല്‍ സര്‍ദാര്‍ രംഗറാവു ഓധേക്കര് അത് പുതുക്കി പണിതു. 2000 പേര് 12 വര്‍ഷം വിശ്രമില്ലാതെ പണിയെടുത്ത് പൂര്‍ത്തിയാക്കിയ ക്ഷേത്രം കാഴ്ചയില്‍ അതി മനോഹരമാണ്. രണ്ടടി പൊക്കത്തിലുള്ള സീതാരാമലക്ഷ്മണന്മാരുടെ വിഗ്രഹങ്ങളാണ് ഇവിടുത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള രാമന്റെ രൂപ (കാലാറാം) മാണ് ക്ഷേത്രത്തിന് ആ പേരു സമ്മാനിച്ചത്.
ശിവസന്നിധി സീതാഗുഹ
പഞ്ചവടിയിലെ അഞ്ച് ആല്മരങ്ങള്ക്കരികെയാണ് സീതാഗുഹയുള്ളത്. ശിവഭക്തയായിരുന്ന സീതാദേവി ശിവഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നത് ഈ ഗുഹയ്ക്കുള്ളിലായിരുന്നു. ഇവിടെ വച്ചാണ് രാവണന് സീതയെ അപഹരിച്ചതെന്നും പറയപ്പെടുന്നു.
മോക്ഷ പ്രദായകം രാംകുണ്ഡ്
വനവാസകാലത്ത് ശ്രീരാമന് സ്നാനത്തിനെത്തിയിരുന്ന തീര്‍ത്ഥമാണ് രാംകുണ്ഡ്. ഈ പവിത്രതീര്ത്ഥത്തില് മുങ്ങിക്കുളിക്കാന്‍ ധാരാളം ഭക്തരെത്താറുണ്ട്. പിതൃമോക്ഷത്തിനായി അസ്ഥി ഒഴുക്കുന്നതിനും ഇവിടെ ആളുകളെത്തുന്നു.
കാപാലേശ്വര ചൈതന്യം
പഞ്ചവടിയില്‍ രാമകുണ്ഡത്തിലേക്കുള്ള വഴിക്കരികിലുള്ള ക്ഷേത്രമാണ് കാപാലേശ്വര മന്ദിര്‍. ഇൗ ക്ഷേത്രത്തില്‍ ശിവലിംഗത്തിന് അഭിമുഖമായി നന്ദികേശപ്രതിഷ്ഠയില്ല. ഇവിടെ നന്ദിയെ ഗുരുവായാണ് ശിവഭഗവാന് സങ്കല്പിക്കുന്നത്. ഗോദാവരിയില്‍ മുങ്ങിക്കുളിച്ച് പാപങ്ങളകറ്റാന്‍ ശിവനെ നന്ദി ഉപദേശിച്ചതായാണ് ഐതിഹ്യം. നരോശങ്കര്‍, സുന്ദര്നാരായണ്, മുക്തിധാം, സോമേശ്വര്‍ തുടങ്ങി പിന്നെയുമെത്രയോ ക്ഷേത്രങ്ങള്‍ പഞ്ചവടിയെ ധന്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: