ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്ന ദൈവത്തിനറിയുന്ന സത്യമാണ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് ശശികല.
ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ജയലളിതയ്‌ക്കെതിരെ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്ന് എ ഐഎ ഡിഎംകെ നേതാവ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ഇതേപ്പറ്റി അന്വേഷിക്കുന്ന അറുമുഖം കമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ചിന്നമ്മയെ (ശശികലയെ) കുറിച്ച് തനിക്ക് മതിപ്പ് മാത്രമാണുള്ളതെന്നും പനീര്‍ശെല്‍വം പറഞ്ഞിരുന്നു. സത്യത്തെ ഒരിയ്‌ക്കലും ഒളിച്ചുവെയ്‌ക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതികരണമെന്ന നിലയ്‌ക്ക് ശശികല പറഞ്ഞത്.
ഈ വെളിപ്പെടുത്തലോടെ പനീര്‍ശെല്‍വവും ശശികലയും തമ്മിലുള്ള ബന്ധം ശക്തമാവുകയാണെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. വീണ്ടും ശശികല എ ഐഎഡിഎംകെ പാര്‍ട്ടി പനീര്‍ശെല്‍വത്തിന്റെ സഹായത്തോടെ പിടിച്ചെടുക്കുമെന്ന് കരുതുന്നു.
ഇതുവരെ ശശികലയ്‌ക്കെതിരെ കലാപം മാത്രം ചെയ്തിട്ടുള്ള പനീര്‍ശെല്‍വം കഴിഞ്ഞ കുറച്ചുനാളുകളായി അവരുമായി അടുക്കുന്നതിന്റെ മറ്റൊരു തെളിവായാണ് അറുമുഖസ്വാമി കമ്മിഷന്റെ മുന്‍പിലെ ശശികലയ്‌ക്കനുകൂലമായ വെളിപ്പെടുത്തലെന്ന് കരുതുന്നു. ഭാവിയില്‍ ശശികലയെ എ ഐഎഡിഎംകെയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സംശയിക്കുന്നു.
തഞ്ചാവൂര്‍, മധുരൈ, രാമനാഥപുരം, പശുമ്പോള്‍, തിരുനെല്‍വേലി എന്നീ പട്ടണങ്ങളില്‍ ശശികല ശക്തമായ പര്യടനം നടത്തിക്കഴിഞ്ഞു. താഴെത്തട്ടിലും ഇടത്തട്ടിലുമുള്ള പ്രവര്‍ത്തകരുമായി ശശികല ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പല നേതാക്കള്‍ക്കും എതിരെ ശശികല കര്‍ശനമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
ജയലളിതയുടെ മരണത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍
ജയലളിതയുടെ മരണത്തെപ്പറ്റി ചില ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് സീനിയര്‍ എ ഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യന്റെ ആരോപണമാണ്. പോയ്‌സ് ഗാര്‍ഡന്‍ വസതിയില്‍ ജയലളിതയെ ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത് എന്നതാണ് പാണ്ഡ്യന്റെ വിശദീകരണം.
മറ്റൊന്ന് ജയലളിതയുടെ തോഴിയായ വി.കെ. ശശികല സ്ലോ പോയ്‌സന്‍ നല്‍കി എന്നതാണ്. ജയലളിത പ്രമേഹത്തിന് കഴിക്കുന്ന മരുന്നിനൊപ്പമാണ് കുറെശ്ശേയായി ചെറിയ അളവില്‍ വിഷം ചേര്‍ത്ത് നല്‍കിയത് എന്നതാണ് ആരോപണം. നിരവധി എ ഐഎഡിഎംകെ നേതാക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളൊ ആശുപത്രിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നത്.
അന്വേഷണകമ്മീഷനെ വെക്കരുതെന്ന അപ്പോളൊ ആശുപത്രിയുടെ ആവശ്യം ഹൈക്കോടതി തള്ളി. എന്നിട്ടാണ് അറുമുഖസ്വാമി അന്വേഷണക്കമ്മീഷനെ നിയമിച്ചത്. ജയലളിതയ്‌ക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷന്‍. എന്നാല്‍ സുപ്രീംകോടതി ജഡ്ജി രഞ്ജന്‍ ഗൊഗോയ് അന്വേഷണകമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ ഈയിടെ സുപ്രീംകോടതി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അന്വേഷണ കമ്മീഷനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിലെ പോരായ്മകളും ഫലപ്രാപ്തിയും ശരികളും എല്ലാം കമ്മീഷന്‍ അന്വേഷിക്കും. ഡിഎംകെയും എ ഐഎഡിഎംകെയും അന്വേഷണത്തെ അനുകൂലിക്കുന്നു. അറുമുഖ സ്വാമി കമ്മീഷന്റെ കയ്യില്‍ നിന്നും ജയലളിതയുടെ മരണത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ ശശികല ഉടനെ പാര്‍ട്ടി പിടിച്ചെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: