ഡെറാഡൂൺ: യോഗി ആദിത്യനാഥ് മാര്‍ച്ച് 25 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. ഇതിനിടെ ഉത്തരാഖണ്ഡില്‍ ചായക്കട നടത്തുന്ന സഹോദരി ശശി സിംഗ് യോഗിയോട് നടത്തിയ അഭ്യര്‍ത്ഥ വൈറലാവുന്നു. തീരെ ചെറിയ ഒരു മോഹമാണ് അവര്‍ സഹോദരനോട് പറയുന്നത്: ‘ഒന്ന് അമ്മയെ വന്ന് കാണണം.’
ഈ അഭ്യര്‍ത്ഥനയ്‌ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. ഒരു സാധാരണ കുടുംബത്തിലെ മോഹത്തിന്റെയും മോഹഭംഗത്തിന്റെയും കഥ. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച ആദിത്യനാഥ് 18-ാം വയസ്സിൽ വീടുവിട്ടിറങ്ങി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുമ്പോള്‍ സന്യാസിയാകണമെന്ന മോഹം ആ കൗമാരക്കാരനുണ്ടായിരുന്നു. വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയോട് താൻ സന്യാസിയാകാൻ പോകുകയാണെന്ന് യോഗി അറിയിച്ചിരുന്നില്ലെന്നതാണ് സഹോദരിയുടെ ദുഖം. അതിനാല്‍ ‘യോഗി ഉത്തരാഖണ്ഡ് വരെ പോയി അമ്മയെ ഒന്ന് കാണണം’- സഹോദരി ശശി പറയുന്നു.
നിയുക്ത മുഖ്യമന്ത്രി യോഗിയുടെ സഹോദരി ഉത്തരാഖണ്ഡില്‍ അവരുടെ സ്വന്തം ഗ്രാമത്തിൽ ചെറിയ ചായക്കട നടത്തി ഉപജീവനമാർഗം കഴിക്കുകയാണ്. ഇത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പാവപ്പെട്ട തന്റെ സഹോദരിയുടെ സാധാരണ ജീവിതചിത്രം കണ്ട് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ യോഗി വികാരഭരിതനായിപ്പോയിരുന്നു.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സഹോദരി ഒരു കട നടത്തുന്നത് കാണുമ്പോൾ ആളുകളുടെ പ്രതികരണമെന്താണെന്ന ചോദ്യത്തിന്, തങ്ങള്‍ക്ക് കുടുംബരാഷ്‌ട്രീയം ഇഷ്ടമല്ലെന്നായിരുന്നു അവരുടെ മറുപടി. മറ്റ് പാർട്ടികളിൽ ഒരാള്‍ രാഷ്‌ട്രീയത്തില്‍ ആളായാല്‍ കുടുംബാംഗങ്ങളെല്ലാം രാഷ്‌ട്രീയത്തിൽ ചേരും. ഈ പതിവ് ഞങ്ങളുടെ കുടുംബത്തിലില്ലെന്നും സഹോദരി പറഞ്ഞു.
യോഗി(പണ്ട് പേര് അജയ് സിങ്ങ്)യും അച്ഛനും തമ്മില്‍ പണ്ട് നടന്ന ഒരു സംഭാഷണവും സഹോദരി ശശി ഇന്നലെ നടന്നതുപോലെ ഓര്‍മ്മിക്കുന്നു. യോഗി അന്ന് അച്ഛനോട് പറഞ്ഞത് ഇതാണ്:’നമ്മള്‍ കുടുംബത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരാ. മറ്റുള്ളവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണം.’ അതിന് യോഗിയുടെ അച്ഛന്‍ പറഞ്ഞ മറുപടി ഇതാണ്: ‘ഞാന്‍ 85 രൂപയാണ് സമ്പാദിക്കുന്നത്. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. ഇനി നീ എന്താണ് ചെയ്യുന്നതെന്ന് നോക്കാം’. ഇപ്പോള്‍ സഹോദരന്‍ തനിക്ക് എന്ത് ചെയ്യാന്‍ പറ്റിയെന്ന് കാണിച്ച് കൊടുത്തുവെന്ന ആത്മസംതൃപ്തി സഹോദരി ശശിയുടെ മുഖത്തുണ്ട്.
മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം തുടര്‍ഭരണം നേടി തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്ന ആദ്യ വ്യക്തിയായി യോഗി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 25ന് യോഗിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ വലിയൊരു നേതൃനിര പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: