കാബൂള്‍: പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച താലിബാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ മാര്‍ച്ച് 23ന് തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടത്.
എഎഫ്പി എന്ന വാര്‍ത്താ ഏജന്‍സി നല്‍കിയ അഫ്ഗാനിസ്ഥാനിലെ നേര്‍ക്കാഴ്ച കാണാം. സ്കൂളുകള്‍ തുറന്നു എന്നതറിഞ്ഞ സന്തോഷത്തോടെ ബുര്‍ഖ ധരിച്ച് പുറപ്പെട്ട പെണ്‍കുട്ടികള്‍ തകര്‍ന്ന ഹൃദയത്തോടെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പാടില്ല എന്ന താലിബാന്‍ ഉത്തരവ് കേട്ട് മടങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ഹിജാബ് ധരിയ്‌ക്കേണ്ട പകരം സ്കൂള്‍ യൂണിഫോം ധരിച്ച് ആരും മതചിഹ്നങ്ങളണിയാതെ മതേതര വിദ്യാര്‍ത്ഥികളായി സ്കൂളില്‍ പോകാമെന്നാണ് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിധിച്ചത്.എന്നാല്‍ അഫ്ഗാനിസ്ഥാനിലാകട്ടെ പെണ്‍കുട്ടികളെ സ്കൂളിലേ പോകേണ്ട, വീടിനകത്തും പുറത്തും സദാസമയത്തും പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിയ്‌ക്കണമെന്നുമാണ് താലിബാന്‍ കല്പന.
ഹൈസ്കൂളുകളാണ് അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് സംബന്ധിച്ച ആശയക്കുഴപ്പം നീക്കി താലിബാന്‍ വക്താവ് ഇമാനുള്ള സമംഗാനി തന്നെ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയ ഉത്തരവ് ശരിയാണെന്ന് സ്ഥിരീകരിച്ചു.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം 2021 ആഗസ്ത് മുതല്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയായിരുന്നു. അതിന് മുന്‍പുള്ള ഭരണത്തില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇതാണ് താലിബാന്‍ ഭരണത്തോടെ ഇല്ലാതായത്. നേരത്തെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോയിരുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ തീരുമാനം വലിയ സങ്കടത്തിന് കാരണമായി.
അധികാരം പിടിച്ചെടുത്തയുടന്‍ തങ്ങള്‍ ആധുനിക ചിന്താഗതിയുള്ളവരാണെന്ന പ്രതീതി ജനിപ്പിക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങളും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെള്ളത്തില്‍ വരച്ച വരകളാണെന്ന് പിന്നീട് അഫ്ഗാനിലെ ജനങ്ങള്‍ക്ക് മനസ്സിലായി. താലിബാന്‍ പുരോഗമനത്തിന്റെ മുഖംമൂടി അണിയാന്‍ നോക്കിയത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ധനസഹായം ലഭിക്കാനാണെന്നും ലോകരാഷ്‌ട്രങ്ങള്‍ക്ക് ബോധ്യമായി.
താലിബാന്‍ ഭരണമേറ്റെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ വൈകാതെ തുറക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച് 23 മുതല്‍ പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് താലിബാന്‍ ഉത്തരവിട്ടത്. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലെ ഹൈസ്‌കൂളുകള്‍ തുറക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളും അടഞ്ഞുതന്നെ കിടന്നു. ഇതിന് പിന്നാലെയാണ് മണിക്കുറുകള്‍ക്കകം തന്നെ പെണ്‍കുട്ടികളുടെ ഹൈസ്‌കുളുകള്‍ തുറക്കരുതെന്ന താലിബാന്‍ വക്താവിന്റെ ഉത്തരവ് പുറത്തുവന്നത്.
അധികാരം പിടിച്ചെടുക്കുന്ന സമയത്ത് താലിബാന്റെ കുറെക്കൂടി മൃദുലമായ മുഖമായിരിക്കും ഇക്കുറി അധികാരത്തില്‍ കാണുക എന്ന ശ്രുതി പരന്നിരുന്നു. എന്നാല്‍ അധികം വൈകാതെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയും ജോലിയെടുക്കുന്ന സ്ത്രീകളെയും പുറത്തുപോകുന്നത് നിരോധിക്കുകയായിരുന്നു താലിബാന്‍. അതുപോലെ സ്ത്രീകള്‍ ദേഹവും മുഖവും എല്ലാം മറയ്‌ക്കുന്ന ചഡാരി അഥവാ ബുര്‍ഖ എന്ന വേഷം ധരിയ്‌ക്കണമെന്നും സ്ത്രീകള്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ പുറത്തിറങ്ങാവൂ എന്നുമുള്ള താലിബാന്‍ ശാസനകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഗീതത്തിനും നിരോധനം ഏര്‍പ്പെടുത്തി. ശരിയത്ത് നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തി. കള്ളന്മാരുടെ കൈകള്‍ വെട്ടിക്കളയല്‍, സദാചാരലംഘനം നടത്തുന്ന സ്ത്രീകളെ പൊതുജനത്തിന്റെ മുന്നില്‍ കെട്ടിയിട്ട് അടിക്കല്‍, ആണുങ്ങളെ കല്ലെറിയല്‍ എന്നീ ശിക്ഷാവിധികള്‍ നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: