ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹനക്കമ്പനിയായ ഹീറോ മോട്ടോ കോര്‍പിന്റെ ചെയര്മാന് പവന് മുഞ്ജാലിന്റെ വീട്ടിലും കമ്പനി ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച റെയ്ഡ് നടത്തി. ദല്‍ഹി-നോയ്ഡ മേഖലകളിലെ ഓഫീസുകളിലാണ് റെയ്ഡ്.
റെയ്ഡ് വാര്‍ത്തകളെ തുടര്‍ന്ന് ഹീറോ മോട്ടോഴ്സിന്റെ ഓഹരി വില തുടക്കത്തില്‍ നാല് ശതമാനത്തോളം ഇടിഞ്ഞു. പിന്നീട് നഷ്ടം ഏറെക്കുറെ നികത്തിയ ഓഹരി 1.24 ശതമാനം നഷ്ടത്തില്‍ 29 രൂപ കുറഞ്ഞ് 2394 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും നിക്ഷേപകര്‍ ആശങ്കയിലാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലെ ഓഫീസിലും റെയ്ഡ് നടന്നു. ഹീറോ മോട്ടോകോര്‍പിന്റെ 12 ഓഫീസുകളിലും ഉന്നതോദ്യോഗസ്ഥരുടെ ഇടങ്ങളിലും റെയ്ഡ് നടന്നു. ഇതുവരെ റെയ്ഡിനോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരു നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കമ്പനിയുടെയും കമ്പനി പ്രൊമോട്ടര്‍മാരുടെയും ബിസിനസ് ഇടപാടുകളും ധനകാര്യ രേഖകളുമാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ ഏഷ്യ, ആഫ്രിക്ക, തെക്കന്‍ അമേരിക്ക, മധ്യ അമേരിക്ക എന്നീ വന്‍കരകളിലായി 40 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പിന് സാന്നിധ്യമുണ്ട്.
2001ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹനനിര്മ്മാതാവായി കമ്പനി മാറിയിരുന്നു. വില്പനയുടെ വലിപ്പത്തിന്റെ കാര്യത്തിലായിരുന്നു ഹീറോ മോട്ടോകോര്‍പ് റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി അത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: