തിരുവനന്തപുരം : കേരള പോലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കുന്നത്.
ഇതിനായി 233 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഒരു ഐജിയുടെ നേത്യത്വത്തിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഈ പ്രത്യേക സമിതിയെ രൂപീകരിക്കുന്നത്.
226 എക്സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐജി., നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്ഐമാര്‍, 73 വീതം എസ് സിപിഒ, സിപിഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകള്‍. ചീഫ്സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര സെക്രട്ടറി അംഗവുമായ സമിതിയാണ് പോലീസുകാരുടെ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി വേണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്.
അതേസമയം സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കവേ പുതിയ തസ്തികള്‍ സൃഷ്ടിക്കുന്നതില്‍ ധനവകുപ്പ് എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വയക്കുകയും ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: