ന്യൂദല്‍ഹി : കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് നിര്‍ബന്ധമാക്കിയ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കി .കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല്യ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇതു പ്രകാരം മാസ്ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെ കേരളം പുതിയ ഉത്തരവ് പുറപ്പെടുവിച്ചേക്കും. ആള്‍ക്കൂട്ടം, കൊറോണ നിയന്ത്രണ ലംഘനം എന്നിവയ്ക്കും കേസ് എടുക്കില്ല. കൊറോണ വ്യാപനത്തില്‍ കാര്യമായ കുറവ് ഉണ്ടായതോടെയാണ് കേന്ദ്രം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ ഇളവ് വരുന്നത്. 2020ലാണ് മാസ്കും ആള്‍ക്കൂട്ട നിയന്ത്രണവും ഉള്‍പ്പെടെയുള്ള കൊറോണ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നത്. ഉത്തരവിന്റെ കാലാവധി 25ന് അവസാനിക്കാനിരിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമപ്രകാരം കൊണ്ടുവന്ന നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാം എന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നിലവില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് പിഴ ലഭിക്കുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: