കോഴിക്കോട്: ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ 1800 ഓളം ബസ്സുകള്‍ കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസ്സുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം, ചേര്‍ത്തല, കൊല്ലത്തെ ചാത്തന്നൂര്‍, ചടയമംഗലം, തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ഈഞ്ചക്കല്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ എടപ്പാള്‍ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തുള്ളത്. ഷെഡ്ഡുപോലും ഇല്ലാതെ പൊരിവെയിലത്തും മഴയത്തുമാണ് മിക്ക ബസ്സുകളും.
കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 1800 ബസ്സുകളുടെ സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചിട്ടുണ്ട്. സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങാത്തതിനാല്‍ ഓട്ടം നിലച്ച ബസ്സുകള്‍ക്ക് പകരം പുതിയ ബസ്സുകള്‍ റോഡിലിറക്കാനും സാധിക്കുന്നില്ല. ആറ് വര്‍ഷത്തിനിടെ 101 ബസ്സുകള്‍ മാത്രമാണ് വാങ്ങിയത്. ഏറ്റവും പുതിയ ബസ്സുകളാണ് സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്സ് വണ്ടികളായി ഓടിക്കാറുള്ളത്. പഴയതാകുമ്പോള്‍ അവ ഓര്‍ഡിനറികളാക്കും. എന്നാല്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നത് കുറഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് എന്ന ബോര്‍ഡും വച്ച് ഓടുന്ന മിക്ക ബസ്സുകളും എട്ടും ഒമ്പതും വര്‍ഷം പഴക്കമുള്ളവയാണ്. പഴയ ബസ്സുകള്‍ക്ക് മെയിന്റനന്‍സ് ചെലവുകള്‍ കൂടുതലായതിനാല്‍ ഇതും കെഎസ്ആര്‍ടിസിയുടെ നഷ്ടം കൂട്ടുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ത്തന്നെ പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയാണ് പുതിയ ബസ്സുകള്‍ വാങ്ങുന്നത്.
കട്ടപ്പുറത്തായ ബസ്സുകള്‍ക്ക് ആവശ്യമായ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങി അവ ഫിറ്റ്നസ്സോടെ റോഡിലിറക്കിയാല്‍ ബസ്സുകള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാം. എന്നാല്‍, കോടികള്‍ വിലവരുന്ന ബസ്സുകള്‍ കട്ടപ്പുറത്ത് ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ നിന്ന് പണം കടമെടുത്ത് പുതിയ ബസ്സുകള്‍ വാങ്ങുകയും ചെയ്യുക എന്ന നയമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: