നീലേശ്വരം: ടൂറിസം രംഗത്ത് ആലപ്പുഴയും കുമരകവും കഴിഞ്ഞാല്‍ നീലേശ്വരമാണ് ഹൗസ് ബോട്ട് വ്യവസായത്തില്‍ മുന്‍പന്തിയില്‍. ചെറുതും വലുതുമായ ഇരുപതോളം ബോട്ടുകള്‍ ഇപ്പോള്‍ ഇവിടെ ടൂറിസം കൊഴുപ്പിക്കുകയാണ്. കൊവിഡ്നിയന്ത്രണങ്ങള് മാറിയതോടെ ബോട്ടുകള്‍ക്കെല്ലാം നല്ല വരുമാനം കിട്ടുന്നുണ്ട്. കോട്ടപ്പുറത്ത് മൂന്ന് ബോട്ടുകള്‍ക്ക് ഒരേ സമയം ആളെ കയറ്റിയിറക്കാവുന്ന ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഹൗസ് ബോട്ട് വ്യവസായ മേഖലയിലേക്ക് കൂടുതല്‍ സംരംഭകര്‍ കടന്നു വരുന്നുണ്ട്.
ബോട്ട് നിര്‍മ്മാണത്തിന് സാധ്യതകള്‍ കണ്ടെത്തിയ ഏതാനും കമ്പനികള്‍ എത്തിക്കഴിഞ്ഞു. എറണാകുളത്തെ വിരാട് മറൈന്‍ എന്ന സ്വകാര്യ ഹൗസ് ബോട്ട് നിര്‍മ്മാണ കമ്പനി നീലേശ്വരം പുറത്തേകൈയില്‍ 28 മീറ്റര്‍ 5.5 മീറ്റര്‍ നീളവുമുള്ള ഒരു ഹൗസ് ബോട്ടിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. മൂന്ന് ജോലിക്കാരടക്കം 83 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് കിടപ്പുമുറിയുള്ള ബോട്ടാണിത്. 90 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്.
4 എംഎം ഇരുമ്പ് തകിടാണ് ഇതിന്റെ വഞ്ചി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു മാസമാണ് നിര്‍മ്മാണ കാലയളവ്. സഞ്ചാരികളടക്കം 52 ടണ്‍ ഭാരമുണ്ടാകും ഈ ഹൗസ് ബോട്ടിന്. നേവല്‍ ആര്‍ക്കിടെക്റ്റ് അശ്വിന്, അമല്‍ എന്നീ യുവാക്കളാണ് ഹൗസ് ബോട്ട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബോട്ട് നിര്‍മ്മാണത്തിനായി നിരവധി പേര് തങ്ങളെ സമീപിക്കുന്നുണ്ടെന്നും ഏതാനും പേര് കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: