ചെങ്ങന്നൂര്‍: കെ.റെയില്‍ വിഷയത്തില്‍ പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച മന്ത്രി സജിചെറിയാന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് ഇന്നലെ ബിജെപി നടത്തിയ പ്രതിഷേധം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞിരുന്നു.
തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ സജി ചെറിയാന്റെ കോലം കത്തിച്ചു. കെ റെയില്‍ വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി തിങ്കളാഴ്ച സജി ചെറിയാന് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ ഒരുകാരണവശാലും കെ റെയില്‍ പദ്ധതി നടപ്പാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മോദി സര്‍ക്കാരാണ് ഭരിക്കുന്നത്. ഒരു കാരണവശാലും പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. , പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കെ റെയിലിന്റെ ഭാഗമായി നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തിന് പിന്നാലെ സമാധാനപൂര്‍ണമായി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയും ചെയ്തു.
ബിജെപി ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലില്‍, ഡോ. ഗീത, ട്രഷറാര്‍ കെ. ജി കര്‍ത്ത, മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്, മണ്ഡലം ജന: സെക്രട്ടറി അനീഷ് മുളക്കുഴ, രമേശ് പേരിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: