മലപ്പുറം: കൈയേറിയ ക്ഷേത്രഭൂമിക്ക് പട്ടയം നല്‍കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള വിവിധ ഹിന്ദുസംഘടനകള്‍ രംഗത്ത്. മലപ്പുറം ജില്ലയില്‍ ടിപ്പുവിന്റെ പടയോട്ടം മുതല്‍ മലബാര്‍ കലാപ കാലഘട്ടങ്ങളിലെല്ലാം അനധികൃതമായി കൈയേറിയ ക്ഷേത്ര ഭൂമിക്കാണ് അദാലത്തിലൂടെ പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയാണ് നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് 15, 16, 19 തീയതികളില്‍ അദാലത്ത് നടന്നിരുന്നു. ചില ക്ഷേത്രങ്ങള്‍ വക്കീല്‍ മുഖാന്തരം അദാലത്തിനെ സമീപിച്ചപ്പോള്‍ പബ്ലിക്ക് ഹിയറിങിന് വിടാതെ പട്ടയം നല്‍കാനുള്ള ഒരുക്കമാണെന്ന് അറിയിച്ചു. എതിര് കക്ഷികള്‍ ഹാജരാക്കുന്ന രേഖകള്‍ പരിശോധിക്കാനും സാധുത കണ്ടെത്താനും സമയം നല്‍കാതെ ധൃതിപിടിച്ചാണ് സര്‍ക്കാരിന്റെ നടപടികള്‍.
ഹിന്ദു ഐക്യവേദിയുള്‍പ്പെടെ വിവിധ സംഘടനകള്‍ നടപടിക്കെതിരെ വന്നു. വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയും കളക്ടറുടെ ഇടപെടലും ഉണ്ടായതോടെ അധികൃതര്‍ പട്ടയം നല്കല് ഹിയറിങ്ങിന് വിടാം എന്ന നിലപാടിലെത്തി. ക്ഷേത്രഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയകള്‍ ഉള്‍പ്പെടെ വന്‍ലോബികള്‍ രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കുവേണ്ടി നടത്തുന്ന വഴിവിട്ട നീക്കമാണ് ഇതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: