കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ എ.എന്‍.യു സര്‍വ്വകലാശാലയിലെ മീറ്റ് ദ ക്യാന്‍ഡിഡേറ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന കൃഷ്ണാ പണ്ഡിറ്റ് നടത്തുന്ന പ്രസംഗത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണിത്.
മുത്തച്ഛന്റെ ചിതാഭസ്മവുമായി കശ്മീരിലെത്തിയ കൃഷ്ണാപണ്ഡിറ്റ് അദ്ധ്യാപികയായ രാധികാ മേനോന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുസ്ലീം തീവ്രവാദി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ക്യാമ്പസില്‍ തിരിച്ചെത്തിയിരിക്കുന്നത്. കശ്മീരില്‍ കണ്ട കാഴ്ചകളെപ്പറ്റി, തീവ്രവാദി നേതാവ് പങ്കുവെച്ച വിവരങ്ങളെപ്പറ്റി ഒക്കെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ കൃഷ്ണാ പണ്ഡിറ്റിനെ രാധിക മേനോന് ക്ഷണിക്കുകയാണ്.
രാധികാ മേനോന്: ‘ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൃഷ്ണാ കശ്മീരിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍. നീ അവിടെ എന്താണ് കണ്ടതെന്ന് ഈ ലോകത്തോട് വിളിച്ചു പറയൂ.’
വിമോചനം(ആസാദി) എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ കൃഷ്ണാ പണ്ഡിറ്റ് സ്റ്റേജിലേക്ക്.
കൃഷ്ണാ പണ്ഡിറ്റ്: ‘സ്വച്ഛ സുന്ദരമായ ആകാശമാണ് ഞാന്‍ അവിടെ കണ്ടത്. വിശാലമായ ആകാശത്തിന് താഴെ ഉന്നത സുന്ദരമായ ഹിമാലയത്തിനരികെ ഒരു സ്വര്‍ഗ്ഗം. അവിടേക്കാണ് പുരാതന കാലത്ത് ഋഷിമാര്‍ തപസിന് വന്നു കൊണ്ടിരുന്നത്. ഇവിടുത്തെ ഗിരിശൃംഖങ്ങളില്‍ ഇരുന്നാണ് ഋഷിമാര്‍ തപസ് അഥവാ ഗവേഷണം നടത്തിയിരുന്നത്. അങ്ങനെ ഗവേഷണത്തിനായി എത്തിയ ഒരു ഋഷിയുടെ പേരിലാണ് ഈ സ്വര്‍ഗീയ താഴ്വര പിന്നീട് അറിയപ്പെട്ടത് കശ്യപ മഹര്‍ഷിയുടെ പേരില്‍. അങ്ങനെയാണ് ഈ താഴ്വരയ്ക്ക് കശ്മീര്‍ എന്ന പേര് കിട്ടിയത്.’
രാധികാ മേനോന് മറ്റൊരു വിദ്യാര്‍ത്ഥിയോട് ‘തുടക്കം ഗംഭീരം.’
കൃഷ്ണാ പണ്ഡിറ്റ്: ‘പിന്നീട് നാം കാണുന്നത് കേരളത്തില്‍ നിന്ന് കാല്‍നടയായി കശ്മീരിലെത്തിയ ശങ്കരാചാര്യരേയാണ്. അതേ, കേരളത്തില്‍ നിന്ന് കശ്മീര്‍ വരെ നടന്ന്. കാരണം അദ്ദേഹത്തിന് സ്വന്തമായി പുഷ്പക വിമാനമില്ലായിരുന്നല്ലോ? (എല്ലാവരും ചിരിക്കുന്നു.)
ഹിമാലയത്തിന്റെ ഈ മടിത്തട്ടില്‍ വര്‍ഷങ്ങളോളം അദ്ദേഹം ഗവേഷണം നടത്തി. കാരണം ഇത്തരം ഗവേഷണങ്ങള്‍ സ്വര്‍ഗീയ ഭൂമിയില്‍ മാത്രമേ നടക്കുകയുള്ളൂ അഥവാ കശ്മീരില്‍ മാത്രം. ഇന്ന് നമ്മുടെ ഇടയിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞന്മാര് എന്നിവരൊക്കെ ഉന്നത വിദ്യാഭ്യാസത്തിന് വിദേശ സര്‍വ്വകലാശാലകളില്‍ പോകുന്നത് പോലെ അക്കാലത്ത് ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രതിഭാശാലികള്‍ ഗവേഷണത്തിനായി കശ്മീരിലേക്കാണ് എത്തിയിരുന്നത്. അവര്‍ അവിടെ നിന്ന് പണ്ഡിറ്റ് പദവി നേടുകയായിരുന്നു പതിവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിവിധ വിഷയങ്ങളില്‍ അവര്‍ ഇവിടെ നിന്ന് ഡോക്ടറേറ്റ് നേടി.
അഭിനവ് ഗുപ്തയും ഉത്പല്‍ ദേവനും വേദാന്തത്തില്‍, ലോകാക്ഷി ജ്യോതിശാസ്ത്രത്തില്‍, ചരകനും വാഗ്ഭടനും ആയുര്‍വേദത്തില്‍, ശുശ്രുതന്‍ വൈദ്യശാസ്ത്രത്തില്‍, വ്യാകരണത്തില്‍ പാണിനി, ത്രികോണമിതിയില്‍ വടേശ്വര്‍, സംസ്കൃത സാഹിത്യത്തില്‍ കാളിദാസന്, സോമഭട്ടന്‍ നിയമത്തില്‍, ഭാസന് സൗന്ദര്യ ശാസ്ത്രത്തില്‍, സംഗീത ശാസ്ത്രത്തില്‍ ശാര്ങ്ഗദേവന്, അദ്വൈദത്തില്‍ വസുഗുപ്തനും സോമാനന്ദനും, ധര്‍മ്മശാസ്ത്രത്തില്‍ വിഷ്ണുഗുപ്തന്, പഞ്ചതന്ത്രമെഴുതിയ അതേ വിഷ്ണുഗുപ്തന്. ഇവരൊക്കെ കശ്മീരില്‍ ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് നേടിയവരാണ്. രാജാ ലളിതാദിത്യന്റെ ശൂരതയേയും പരാക്രമത്തെയും പറ്റിയും ഞാന്‍ കേട്ടു.
സിനിമയില്‍, നാടകത്തില്‍, വെബ് സീരീസില്‍ ഒക്കെ നിങ്ങള്‍ കാണുന്ന നാടകം അഥവാ അഭിനയം അതിന്റെ ശാസ്ത്രമാണ് നാട്യശാസ്ത്രം. അതായത് അഭിനയത്തിന് പിന്നിലെ ശാസ്ത്രം. പഞ്ചമവേദം എന്നറിയപ്പെടുന്ന നാട്യശാസ്ത്രം ഭരതമുനി രചിച്ചത് കശ്മീരിന്റെ മണ്ണിലാണ്.
ഇങ്ങനെ ആയിരക്കണക്കിന്ലക്ഷക്കണക്കിന് പണ്ഡിതന്മാര് പതുക്കെ പതുക്കെ കശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കി മാറ്റിയതായി എനിക്ക് മനസിലായി. കശ്മീര്‍ നന്മകളുടെ വിളനിലമായി മാറി. പുരാതന ഗ്രീക്കുകാര്‍ കശ്മീരിനെ സംസ്കാരത്തിന്റെ കളിത്തൊട്ടിലായി വിശേഷിപ്പിച്ചതായും ഞാന്‍ അറിയുന്നു.’
സദസില്‍ നിന്ന് ‘ഇതൊക്കെ കെട്ടുകഥകളാണ്, കള്ളമാണ്.’
കൃഷ്ണാ പണ്ഡിറ്റ്: ‘ഇത് കെട്ടുകഥയാണെന്നാണ് ഞാനും ധരിച്ചിരുന്നത്. കാരണം ഇതേപ്പറ്റി സ്കൂളിലോ, കോളേജിലോ, ചരിത്ര പാഠ പുസ്തകങ്ങളിലോ നാം പഠിച്ചിട്ടില്ല. ശരിയല്ലേ മാഡം. ഇത് കള്ളമല്ലേ? അങ്ങനെയെങ്കില്‍ ബുദ്ധിസ്റ്റുകള്‍ എന്തിനാണ് കശ്മീരിലെത്തിയത്. രവിഗുപ്തന് വന്നതെന്തിനാണ്? കാരണം കശ്മീര്‍ വിജ്ഞാന കേന്ദ്രമായിരുന്നു. ജ്ഞാനത്തിന്റെ , അറിവിന്റെ ഏറ്റുമുട്ടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നതാണ്. ഇസ്ലാമിസ്റ്റുകള്‍ എ.ഡി1300 ല്‍ കശ്മീരില്‍ അധിനിവേശം നടത്തിയില്ലായിരുന്നു എങ്കില്‍ ഇതൊക്കെ കള്ളമായേനേ. കശ്മീര്‍ അറിവിന്റെ കേന്ദ്രമായതു കൊണ്ട് മാത്രമാണ് മുസ്ലീം ഭരണാധികാരികള്‍ ഇവിടം കീഴ്പ്പെടുത്താനെത്തിയത്. പണ്ഡിറ്റുകളുടെ കയ്യിലുള്ള അറിവ് ഉപയോഗിച്ചാല്‍ ലോകം കീഴടക്കാമെന്ന് അവര്‍ മനസിലാക്കി. പക്ഷേ അപ്പോള്‍ ഒരു പ്രശ്നം ഉടലെടുത്തു. ആയുധം ഉപയോഗിച്ച് ഭൂമി കൈക്കലാക്കാം. എന്നാല്‍ പണ്ഡിറ്റുകളുടെ അറിവിനെ, സ്വതന്ത്ര ബുദ്ധിയെ എങ്ങനെ കീഴ് പെടുത്തും?
അതിനവര്‍ പുതിയ ഒരു കീഴ്വഴക്കത്തിന് തുടക്കം കുറിച്ചു. പണ്ഡിതന്മാരെ മതംമാറ്റി ഇസ്ലാമാക്കുക. ആയുധശക്തിയുടെ പിന്‍ബലത്തില്‍ പണ്ഡിറ്റുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവര്‍ പട്ടാളക്കാരെ അയച്ചു. അവര്‍ ബലം പ്രയോഗിച്ച് പണ്ഡിറ്റുകളെ മതം മാറ്റി. വഴങ്ങാതിരുന്നവരെ അതിക്രൂരമായി ചവിട്ടിയരച്ചു. ഏറ്റവും ഖേദകരമായ വസ്തുത കശ്മീരികളെ ഉന്മൂലനം ചെയ്യാനുള്ള ആശയത്തിന് കരുത്തു പകര്‍ന്നത് കശ്മീരില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു എന്നതാണ്.
സദസില്‍ നിന്ന് ‘ഈ പറയുന്നതെല്ലാം വിഡ്ഡിത്തമാണ്.’
കൃഷ്ണാ പണ്ഡിറ്റ്: ഇത് വിഡ്ഡിത്തമല്ല. അവിടെ നടന്ന സംഭവങ്ങളുടെ നേര് ചിത്രമാണ്. സൂഫി സന്യാസിയായി അറിയപ്പെടുന്ന മിര്‍ ഷംസുദ്ദീന് മൂഹമ്മദ് എയ്റാഖിയുടെ ജീവചരിത്രത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. എയ്റാഖി ആരായിരുന്നു എന്ന് അറിയുമോ? രാജ്യത്തെ ഏറ്റവും ഉന്നതമെന്ന് അവകാശപ്പെടുന്ന സര്‍വ്വകലാശാലയിലാണ് പഠിക്കുന്നത്. പക്ഷേ എയ്റാഖിയെക്കുറിച്ച് അറിയില്ല. എങ്ങനെ അറിയാന്‍? ആരെങ്കിലും പഠിപ്പിച്ചിട്ടു വേണ്ടേ? നമുക്ക് ഹിറ്റ്ലറെപ്പറ്റിയും അയാളുടെ ക്രൂരതകളെപ്പറ്റിയും എല്ലാമറിയാം. പക്ഷേ ഹിറ്റലറേക്കാള്‍ പതിന്മടങ്ങ് ക്രൂരനായ മുസ്ലീം സ്വേച്ഛാധിപതിയായ എയ്റാഖിയെപ്പറ്റി ഒന്നുമറിയില്ല.
ജൂതന്മാരോട് ഹിറ്റ്ലര്‍ ചെയ്ത ക്രൂരതകളെപ്പറ്റി നാം വാ തോരാതെ സംസാരിക്കും. എന്നാല്‍ സ്വന്തം സഹോദരങ്ങളോട് എയ്റാഖി ചെയ്ത കണ്ണില്‍ ചോരയില്ലാത്ത നടപടികളെപ്പറ്റി നാം കേട്ടിട്ടു പോലുമില്ല. കാഫിറുകളായ ഹിന്ദുക്കളേയും ബൗദ്ധന്മാരേയും ഇല്ലാതാക്കുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ ഒരേ ഒരു ലക്ഷ്യം. അവരുടെ സംസ്കാരത്തെ, ആചാരങ്ങളെ ഉന്മൂലനം ചെയ്യുക. പണ്ഡിറ്റുകളുടെ കണ്ടെത്തലുകളെ കുഴിച്ചു മൂടുക. നാസികള്‍ ദിവസവും ആയിരക്കണക്കിന് ജൂതന്മാരെ കൊന്നു തള്ളിയതായി നമുക്കറിയാം. അത് സത്യമാണെങ്കില്‍ ഇത് അതിലും വലിയ സത്യമാണ്. ഐയ്റാഖിയുടേയും മാലിക് റൂസാ റെയ്നയുടേയും നിര്‍ദ്ദേശപ്രകാരം പട്ടാളക്കാര്‍ ദിവസവും 1500-2000 വരെ ഹിന്ദുക്കളെ ബലംപ്രയോഗിച്ച് സുന്നത്ത് നടത്തി മതം മാറ്റുകയോ അതിക്രൂരമായി കൊന്നു കളയുകയോ ചെയ്തിട്ടുണ്ട്. പക്ഷേ സൂഫികള്‍ ലളിത ജീവിതം നയിക്കുന്ന സാധുക്കളായാണ് അറിയപ്പെടുന്നത്.
ഹിറ്റ്ലര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് നടത്തിയാണ് ജൂതന്മാരെ പീഡിപ്പിച്ചതെങ്കില്‍ എയ്റാഖി ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്തത്. ഇതിനുള്ള തെളിവുകള്‍ ലോകത്തിന് നല്‍കിയത് മറ്റാരുമല്ല എയ്റാഖിയുടെ മകന് തന്നെയാണ്. ഇതിന്റെ കയ്യെഴുത്തു പ്രതികള്‍ കാണണമെന്നുള്ളവര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഗവേഷണ പ്രസിദ്ധീകരണ (റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍) വകുപ്പിലെ 551ാം നമ്പര്‍ ഫയലിലെ രേഖകള്‍ പരിശോധച്ചാല്‍ മതി. നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം.’
സദസ് ‘കള്ളം, കള്ളം’
കൃഷ്ണാ പണ്ഡിറ്റ്: അതേ കശ്മീരിലെ യാഥാര്‍ത്ഥ്യം എന്നും കള്ളമായാണ് പുറംലോകത്ത് അവതരിപ്പിക്കപ്പെട്ടത്. സ്വതന്ത്രജനാധിപത്യ മതേതര ഇന്ത്യയില്‍ വാളിന്റേയും തോക്കിന്റേയും ബലത്തില്‍ ഒരിക്കല്‍ കൂടി കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടുണ്ട്. അത് എങ്ങനെയെന്ന് വിശദീകരിക്കാം.
റലീവ് ചലീവ് ഗലീവ് (2)
റലീവ് എന്നാല്‍ മതംമാറുക
ചലീവ് എന്നാല്‍ ഓടിപ്പോവുക
ഗലീവ് എന്നാല്‍ മരിക്കുക
സ്വന്തം ധര്‍മ്മം ഉപേക്ഷിക്കുക, ഓടിപ്പോവുക അല്ലെങ്കില്‍ മരിക്കുക. പണ്ഡിറ്റുകളുടെ ഏഴാമത്തെ പലായനമായിരുന്നു ഇത്. പക്ഷെ ഇത്തവണ ഇത് വെറും പലായനമായിരുന്നില്ല. വംശഹത്യയായിരുന്നു. കഥ അവിടം കൊണ്ടും അവസാനിച്ചില്ല. വംശഹത്യക്കിരയായി പലായനം ചെയ്തവരെ വീണ്ടും വംശഹത്യക്ക് വിധേയരാക്കി. അത് തീവ്രവാദികളോ ഭരണകൂടമോ അയിരുന്നില്ല അതിന് ഉത്തരവാദികള്‍. നിങ്ങള്‍ ഓരോരുത്തരും നമ്മളോരോരുത്തരുമായിരുന്നു അതിന് പിന്നില്‍. നമ്മുടെ ഹൃദയത്തില്‍ നിന്ന്, ഓര്‍മ്മയില്‍ നിന്ന് തന്നെ നാം അവരെ പുറംതള്ളി. ഇതല്ലേ യഥാര്‍ത്ഥ വംശഹത്യ.
സദസില്‍ നിന്ന് ഒരു പെണ്‍കുട്ടി ‘ഇതൊക്കെ പച്ചക്കള്ളമാണ്. കശ്മീരില്‍ യഥാര്‍ത്ഥത്തില്‍ വംശഹത്യ നടന്നിട്ടില്ല. വെറുതേ നിങ്ങളുടെ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതെ നീ കണ്ടതിനെപ്പറ്റി മാത്രം സംസാരിക്ക് കൃഷ്ണാ. വെറുതെ ബുദ്ധിജീവി ചമയാതെ.’
കൃഷ്ണാ പണ്ഡിറ്റ്: ‘നമ്മള് പഠിച്ചിട്ടില്ലാത്തത് ചരിത്രമല്ല. നമ്മള് കണ്ടിട്ടില്ലാത്തത് നടന്നിട്ടില്ല. കശ്മീരില്‍ വംശഹത്യ നടന്നിട്ടേയില്ല. ആരെങ്കിലും സത്യം വിളിച്ചു പറഞ്ഞാല്‍ ബുദ്ധിജീവി ചമയുന്നു എന്ന പരിഹാസവും.’
രാധികാ മേനോന്, മറ്റൊരു വിദ്യാര്‍ത്ഥിയോട്: ‘ കണ്ടോളൂ, ഇത്രയും നേരം അവന് കെട്ടിപ്പൊക്കിയ സിദ്ധാന്തം തെറ്റാണെന്ന് അവന് തന്നെ സ്ഥാപിക്കും. അത്രയക്ക് മിടുക്കനാണവന്‍. കണ്ട കോവര്‍ കഴുതകളെയൊന്നും ഞാന്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കില്ല എന്ന് അറിയാമല്ലോ? ‘
കൃഷ്ണാ പണ്ഡിറ്റ്: ‘സംസ്കാരത്തിന്റെ കളിത്തൊട്ടിലെന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട കശ്മീരിനെ നാം ഒരിക്കലും ദേശീയ പൈതൃക സ്വത്തായി അംഗീകരിച്ചിട്ടില്ല. ഫലമോ ഭാരതത്തിന്റെ വിജ്ഞാന കേദാരം ഇന്ന് തകര്‍ന്ന് തരിപ്പണമായി. എന്നിട്ടും നമ്മള് മതേതരരായി തുടര്‍ന്നു. നിങ്ങള്‍ ഷെയിം, ഷെയിം എന്ന് പറഞ്ഞല്ലോ? നമ്മള് ഭാരതീയര്‍ എന്തുകൊണ്ട് കൊല്ലപ്പെടുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതോ കശ്മീരില്‍ മരിച്ചവര്‍! കശ്മീരികള്‍ മാത്രമാണോ? 1990 ല്‍ കശ്മീരില്‍ ഹിന്ദുക്കള്‍ മാത്രമല്ല കൊല്ലപ്പെട്ടത്. സാധാരണക്കാരായ മിതവാദി മുസ്ലീങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ബൗദ്ധര്, ആദിവാസികള്‍ തുടങ്ങി തീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ വിഭാഗങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. കശ്മീരിന്റെ ആത്മാവ് തന്നെ കൊലചെയ്യപ്പെട്ടു. നാടകം, കല, സാഹിത്യം, സംഗീതം തുടങ്ങി എല്ലാം തകര്‍ക്കപ്പെട്ടു. 1996 ല്‍ സിനിമാ തിയേറ്റര്‍ തുറന്നെങ്കിലും ആള്‍ക്കാരെ വെടിവെച്ച് കൊന്നതോടെ അത് അടച്ചു പൂട്ടി.
എത്ര ക്ഷേത്രങ്ങള്‍ തകര്‍ത്തു? തീ വെച്ചു നശിപ്പിച്ചു? തകര്‍ക്കപ്പെട്ടവ വെറും ക്ഷേത്രങ്ങള്‍ മാത്രമായിരുന്നോ? വെറും ബുദ്ധവിഹാരങ്ങള്‍ മാത്രമായിരുന്നോ? അവ നമ്മുടെ മഹത്തായ ശില്പ്പകലയുടെ ഉദാത്ത മാതൃകകള്‍ കൂടിയായിരുന്നില്ലേ? അവയൊക്കെ ഈ രാഷ്ട്രത്തിന്റെ മഹാസ്വത്ത് ആയിരുന്നില്ലേ? അവ ഭാരതത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ ആയിരുന്നില്ലേ? ഭാരതീയ വാസ്തു ശാസ്ത്രത്തിന്റെ കേന്ദ്രങ്ങള്‍, നമ്മുടെ നിര്‍മ്മാണ വൈദഗ്ദദ്ധ്യത്തിന്റെ പ്രതീകങ്ങള്‍, ആദ്ധ്യാത്മിക സ്രോതസുകള്‍ ഇവയെ തകര്‍ക്കുന്നതും വംശഹത്യ തന്നെയല്ലേ?’
സദസില്‍ നിന്ന് ഒരു പെണ്‍കുട്ടി ‘വാചകമടി നിര്‍ത്തി വസ്തുത പറയൂ. അല്ലെങ്കില്‍ വായടയ്ക്ക്’
സദസില്‍ നിന്ന് ഒരു ആണ്‍കുട്ടി ‘അദ്ദേഹം സംസാരിക്കട്ടെ. എനിക്ക് കേള്‍ക്കണം. പറയു കൃഷ്ണാ‘
കൃഷ്ണാ പണ്ഡിറ്റ്: ‘ 20 നിരപരാധികളെ നിര്‍ദ്ദയം വെടിവെച്ചു കൊന്നു എന്ന് ടി.വി അഭിമുഖത്തില്‍ തുറന്നു പറഞ്ഞ, പട്ടാപ്പകല്‍ വ്യമസേനാ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്ന, തീവ്രവാദിയായ ബിട്ടാ കരാട്ടേയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വീകരണം ഒരുക്കിയ നടപടി യഥാര്‍ത്ഥത്തില്‍ ഭരണാധികാരികള്‍ നടത്തിയ വംശഹത്യയല്ലേ?
പഠനം പൂര്‍ത്തിയായാല്‍ നിങ്ങളൊക്കെ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങും. നമ്മുടെ വീട്ടിലേക്ക് നാം മടങ്ങുന്നത് ഒരുത്തനും തടയാനാവില്ല. പക്ഷേ കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ നാട്ടിലേക്കോ വീട്ടിലേക്കോ മടങ്ങാനാകുമോ? ഇത് അനീതിയല്ലേ?
ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് വിളിക്കപ്പെടുന്ന യുവാക്കളില്‍ ഒരാള്‍. എനിക്ക് ഈ ലോകത്തെപ്പറ്റി വലുതായൊന്നും അറിയില്ല. എങ്കിലും ഒന്നറിയാം. നീതി നടപ്പാകാത്ത രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല.’
ക്ഷുഭിതയായ രാധികാ മേനോന് വേദിയില്‍ നിന്ന് മടങ്ങുന്നു.
കൃഷ്ണാ പണ്ഡിറ്റ്: ‘രാധികാ. പ്രൊഫ. രാധികാ മേനോന്. എല്ലാ കഥയിലും ഒരു വില്ലനുണ്ടാകുമെന്ന് അന്ന് നിങ്ങള്‍ എന്നോട് പറഞ്ഞു. തീര്‍ച്ചയായും ഉണ്ടാകും. ഈ കഥയിലെ വില്ലന്‍ മറ്റാരുമല്ല. കുഞ്ഞിനെ അവന്റെ അമ്മയില്‍ നിന്ന് പറിച്ചു മാറ്റുന്നവനാണ് വില്ലന്‍. ഏത് ഭൂമിയിലാണോ നിങ്ങള്‍ പിറന്നു വീഴുന്നത് ആ മണ്ണ് നിങ്ങളുടെ അമ്മയായാണ് കണക്കാക്കപ്പെടുന്നത്. അതേ, കശ്മീര്‍ എന്റെ അമ്മയാണ്. എന്റെ പെറ്റമ്മയുടെ പേര് ശാരദ എന്നായിരുന്നു. ഇത് അവരുടെ കഥയാണ്. എന്റെ സഹോദരന്റെ പേര് ശിവ എന്നായിരുന്നു. ഇത് അവന്റെ കഥയാണ്. അതേസമയം ഇത് എന്റെ അമ്മയുടെ മാത്രം കഥയുമല്ല. നിങ്ങള്‍ ഓരോരുത്തരുടേയും അമ്മമാരുടെ കഥയാണ്.
ഇതുവരെ കാണാത്ത പലതുമാണ് ഇനി നാം കാണാന്‍ പോകുന്നത്. ആരാണ് കുറ്റക്കാരെന്ന് നിങ്ങള്‍ വിലയിരുത്തുക. അവസാനമായി ഒരു ചോദ്യം. ഇക്കാര്യങ്ങള്‍ക്കൊക്കെ എങ്ങനെ പ്രായശ്ചിത്തം ചെയ്യുമെന്ന് നെഞ്ചത്ത് കൈ വെച്ച് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ? എന്താണ് മാഡം നിങ്ങളുടെ മാനവികത? പക്ഷേ ഒന്നോര്‍ക്കുക എല്ലാം ഭഗവാന് കാണുന്നുണ്ട്. എല്ലാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: