ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വത്തെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്ത് അറുമുഖസ്വാമി ക്മ്മീഷന്. ജയലളിതയുടെ മരണത്തില്‍ ശശികലയോ അവരുടെ കുടുംബമോ ജയലളിതയ്ക്കെതിരെ ഗൂഢാലോചനകള്‍ നടത്തിയിട്ടില്ലെന്നും പനീര്‍ശെല്‍വം കമ്മീഷനോട് വെളിപ്പെടുത്തി. ചിന്നമ്മയെ (ശശികലയെ) കുറിച്ച് തനിക്ക് മതിപ്പ് മാത്രമാണുള്ളതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ഇതുവരെ ശശികലയ്ക്കെതിരെ കലാപം മാത്രം ചെയ്തിട്ടുള്ള പനീര്‍ശെല്‍വം കഴിഞ്ഞ കുറച്ചുനാളുകളായി അവരുമായി അടുക്കുന്നതിന്റെ മറ്റൊരു തെളിവാണോ ഈ പ്രസ്താവനയെന്ന് കരുതുന്നു. ഭാവിയില്‍ ശശികലയെ എ ഐഎഡിഎംകെയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നു.
തിങ്കളാഴ്ച പനീര്‍ശെല്‍വത്തേയും ശശികലയുടെ സഹോദരഭാര്യയായ ഇളവരശിയെയും അറുമുഖസ്വാമി കമ്മീഷന് മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. അതിന് ശേഷമാണ് വീണ്ടും ചൊവ്വാഴ്ച പനീര്‍ശെല്‍വത്തെ ചോദ്യംചെയ്തത്. ജയലളിതയുടെ ചികിത്സയെപ്പറ്റി തനിക്കൊന്നുമറിയില്ലെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. എന്തിനാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അറിയില്ലെന്നും പനീര്‍ശെല്‍വം പറയുന്നു.
ദീര്‍ഘകാലത്തെ ആശുപത്രി വാസത്തിന് ശേഷം 2016ലാണ് ജയലളിത മരിച്ചത്. ‘എനിക്ക് ഒന്നുമറിയില്ല. അപ്പോളൊ ആശുപത്രിയില്‍ ജയലളിതയ്ക്ക് എന്ത് ചികിത്സയാണ് നല്കിയിരുന്നതന്നറിയില്ല. ഏത് ഡോക്ടര്‍മാരുടെ സംഘമാണ് അവരെ ചികിത്സിച്ചതെന്നറിയില്ല. എന്തിനാണ് ജയലളിതയെ ആശുപത്രിയിലാക്കിയതെന്നും അറിയില്ല. ചീഫ് സെക്രട്ടറിയില്‍ നിന്നും കേട്ടശേഷമാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്’- പനീര്‍ശെല്‍വം കമ്മീഷനോട് വിശദീകരിച്ചു.
ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ കഴിയാത്ത രണ്ട് തവണയും പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയായത്.
ജയലളിതയുടെ മരണത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍
ജയലളിതയുടെ മരണത്തെപ്പറ്റി ചില ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന് സീനിയര്‍ എ ഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യന്റെ ആരോപണമാണ്. പോയ്സ് ഗാര്ഡന് വസതിയില്‍ ജയലളിതയെ ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത് എന്നതാണ് പാണ്ഡ്യന്റെ വിശദീകരണം.
മറ്റൊന്ന് ജയലളിതയുടെ തോഴിയായ വി.കെ. ശശികല സ്ലോ പോയ്സന് നല്കി എന്നതാണ്. ജയലളിത പ്രമേഹത്തിന് കഴിക്കുന്ന മരുന്നിനൊപ്പമാണ് കുറെശ്ശേയായി ചെറിയ അളവില്‍ വിഷം ചേര്‍ത്ത് നല്‍കിയത് എന്നതാണ് ആരോപണം. നിരവധി എ ഐഎഡിഎംകെ നേതാക്കള്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോളൊ ആശുപത്രിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നത്.
അന്വേഷണകമ്മീഷനെ വെക്കരുതെന്ന അപ്പോളൊ ആശുപത്രിയുടെ ആവശ്യം ഹൈക്കോടതി തള്ളി. എന്നിട്ടാണ് അറുമുഖസ്വാമി അന്വേഷണക്കമ്മീഷനെ നിയമിച്ചത്. ജയലളിതയ്ക്ക് നല്കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷന്. എന്നാല്‍ സുപ്രീംകോടതി ജഡ്ജി രഞ്ജന്‍ ഗൊഗോയ് അന്വേഷണകമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്തു. എന്നാല്‍ ഈയിടെ സുപ്രീംകോടതി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അന്വേഷണ കമ്മീഷനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിലെ പോരായ്മകളും ഫലപ്രാപ്തിയും ശരികളും എല്ലാം കമ്മീഷന് അന്വേഷിക്കും. ഡിഎംകെയും എ ഐഎഡിഎംകെയും അന്വേഷണത്തെ അനുകൂലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: