കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതു സംബന്ധിച്ച ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്് മുന്‍കൂര്‍ ജാമ്യമില്ല. കേസില്‍ നിലവല്‍ സായി ശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല. സാക്ഷിയായണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. ഇതോടെ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
ജസ്റ്റിസ് പി. ഗോപിനാഥ് ആണ് ഹര്‍ജി പരിഗണിച്ചത്. സായി ശങ്കറിനെതിരെ കേസെടുത്താലും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്താനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു. ഏഴുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാമെന്ന് സായി ശങ്കര്‍ കോടതിയെ അറിയിച്ചു.
ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും കേസിലെ നിര്‍ണ്ണായകമായ തെളിവുകളില്‍ ചിലത് മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സായി ശങ്കറോട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായി ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ സായി ശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് സായി ശങ്കറിന്റൈ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും കസ്റ്റഡിയില്‍ മൂന്നാംമുറ നേരിടേണ്ടി വരുമെന്ന് ഭയമുണ്ടെന്നും കാണിച്ചാണ് സായ് ശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ദിലീപിന്റെ ഫോണിലെ പേഴ്സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സായ്ശങ്കര്‍ അറിയിച്ചു. ദിലീപിന്റെ ഐ ഫോണ്‍ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകില്‍ ലോഗിന്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ദിലീപില്‍ നിന്ന് എത്ര തുക പ്രതിഫലമായി കൈപ്പറ്റിയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ ഇയാള്‍ കഴിഞ്ഞതിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. തുടരന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുന്നത്. ഏറ്റവും അടുത്തദിവസം തന്നെ ദിലീപിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഏപ്രില്‍ 14 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: