തിരുവനന്തപുരം: ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയില്‍ എനിയ്‌ക്കുണ്ടായെന്ന് വെളിപ്പെടുത്തി നര്‍ത്തകി നീന പ്രസാദ്. പാലക്കാട് മൊയിന്‍ എല്‍പി സ്‌കൂളില്‍ പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് നടത്തിയ മോഹിനയാട്ട കച്ചേരിക്കിടെയായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന ജില്ല ജഡ്ജിയുടെ ഉത്തരവ് പ്രകാരം പരിപാടി നിര്‍ത്തിക്കാന്‍ പോലീസ് എത്തിയെന്നും എന്നാല്‍, ഒരു ഉച്ചഭാഷിണി മാത്രം വച്ച് അവസാനം അപമാനിതയായ പരിപാടി അവതരിപ്പിക്കേണ്ടി വന്നെന്നും നീന ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്നലെ ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയിൽ എനിയ്‌ക്കുണ്ടായി.
പാലക്കാട് മൊയിൻ LP സ്കൂളിൽ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയിൽ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാൻ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോൾ ഇനി തുടർന്ന് അവതരിപ്പിക്കുവാൻ പറ്റില്ല എന്ന് പോലീസ് അറിയിച്ചതായി സംഘാടകർ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടർന്നുള്ള ഒന്നായിരുന്നതിനാൽ അത് ചെയ്യാതെ മടങ്ങാൻ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാർ അടങ്ങുന്നതാണ് എന്റെ സംഘം. അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്സൽ നോക്കി , ഇനങ്ങൾ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണൽ നർത്തകർ. ഞങ്ങളോട് “ശബ്ദം ശല്യമാകുന്നു “പരിപാടി ഉടൻ നിർത്തണം എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha , brother of retd judge kamal pasha)കൽപ്പിക്കുന്നു എന്ന് പറയുമ്പോൾ , കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്ക്കാരിക കലാ പ്രവർത്തകരുടെ നേർക്കുളള അപമര്യാദയായേ കാണാൻ കഴിയൂ.
ഇന്നലെ ഇതിനെ തുടർന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് “സഖ്യം” ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. ഞാനടക്കം എല്ലാ കലാകാരന്മാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ് .
രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിറുത്തിവയ്‌ക്കണമെന്ന് ഡീസ് ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി . ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.
മറ്റൊന്ന്, കഴിഞ്ഞ2 വർഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുൾടൈം കലാപ്രവർത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ടു പോകുന്ന അസംഖ്യം കലാകാരൻമാർക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കിൽ നിന്നാണ് കലാകാരൻമാർ മെല്ലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നത്. ശൈലീകൃത, പാരമ്പര്യ കലകൾക്കും സംസ്ക്കാരത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ള ഭാരതത്തിൽ ഇത്രയും വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കലാപ്രവർത്തനങ്ങൾ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടത്? അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്ക്കാരിക വക്താക്കളായി ഞങ്ങൾ വിദേശത്ത് അയക്കപ്പെടുന്നത്. എന്നിട്ടും
അവസരങ്ങൾ ഉള്ളപ്പോൾ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം.ഓരോ വേദിയിലും സ്വയം മികവു തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങൾ അവർ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളിൽ അർപ്പിക്കപ്പെട്ടവർക്ക് അത്ര കണ്ട് പ്രധാനപ്പെട്ടതാണ്.
അവർ ചെയ്യുന്ന തൊഴിൽ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉൾച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കർത്തവ്യവും കൂടെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണോ കലാകാരൻമാർ കലാപരിപാടികൾ നടത്തേണ്ടത് ? അതോ സാംസ്കാരിക പ്രവർത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താൽപര്യക്കൾക്കും ഇഷ്ടങ്ങൾക്കും കൽപനകൾക്കും അനുസരിച്ച് നടത്തിയാൽ മതിയെന്നാണോ ?
കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും കഴിയണം . ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ ഇത്തരം മുഷ്ക്കുകൾ കൊണ്ട് പ്രഹരമേൽപ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നിൽ ആവേശത്തോടെ കലാവിഷ്ക്കാരത്തിന് തയ്യാറെടുക്കന്ന കലാകാരൻമാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: