ബെയ്ജിംഗ്: ചൈനീസ് വിമാന ദുരന്തത്തില്‍ വിമാനയാത്രക്കാരായ132 പേരും കൊല്ലപ്പെട്ടതായി സൂചന. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് നിഗമനം. 123 യാത്രക്കാരും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രപഥത്തില്‍ നിന്നും പൊടുന്നനെ താഴേക്ക് പതിക്കുന്ന ബോയിങ് 737-800 വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം നിലത്തുപതിച്ച ഉടന്‍ പൊട്ടിത്തെറിച്ചെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. വനപ്രദേശത്ത് തീ പടര്‍ന്ന ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ അന്വേഷണത്തിന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഉത്തരവിട്ടു. സംഭവമറിഞ്ഞ് ഷി ജിന്‍ പിങ് ഞെട്ടിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് വര്‍ഷം പഴക്കമുള്ള ബോയിങ് 737-800 എന്‍ജി വിമാനമാണ് തകര്‍ന്നുവീണത്. എന്താണ് അപകടകാരണമെന്ന് ഇതുവരെ വ്യക്തമല്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുക്കാനുള്ള തിരച്ചില്‍ തുടരുകയാണ്. 600 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. ലോകത്തെ മികച്ച സുരക്ഷാ സംവിധാനമാണ് ചൈനീസ് എയര്‍ലൈനുകള്‍ക്ക് നല്‍കിപ്പോരുന്നത്. എന്നിട്ടും ഇത്തരമൊരു അപകടം വിശ്വസിക്കാനാവുന്നില്ല.
യുനന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുമിങ് സിറ്റിയില്‍ നിന്ന് 1.11നാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം പറയുന്നുയര്‍ന്നത്. പതിവ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ്. ഏതാണ്ട് 2.22ന് വിമാനവുമായുള്ള ബന്ധം നഷ്ടമായി. പിന്നാലെ ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളില്‍ വിമാനം തകര്‍ന്നു വീണതായി വാര്‍ത്ത പുറത്തുവന്നു.
ചൈനയിലെ വിമാന അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: