കൊല്‍ക്കത്ത: സ്ലോവേനിയന്‍ മുന്നേറ്റതാരം ലൂക്കാ മാജ്സെന്റെ ഇരട്ട ഗോളില്‍ ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം. ഐ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഗോകുലം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ തോല്‍പ്പിച്ചു. അപരാജിത കുതിപ്പ് തുടരുന്ന ഗോകുലം അഞ്ചു മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
19, 55 മിനിറ്റുകളിലാണ് ലൂക്കാ മാജ്സെന്‍ ഗോളുകള്‍ നേടിയത്. മലയാളി താരം ജിതിന് ഒരു ഗോള്‍ നേടി. ട്രാവുവിന്റെ രണ്ട് ഗോളുകളും ഫെര്ണാണ്ടീഞ്ഞോയാണ് സ്കോര്‍ ചെയ്തത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ജിതിന് ഗോകുലത്തെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ഫെര്‍ണാണ്ടീഞ്ഞോ ഗോള്‍ മടക്കി ട്രാവുവിന് സമനിലയൊരുക്കി 1-1 . പത്തൊമ്പതാം മിനിറ്റില്‍ ലൂക്കാ മാജ്സെന്‍ തന്റെ ആദ്യ ഗോളിലൂടെ ഗോകുലത്തെ 2-1 ന് മുന്നിലെത്തിച്ചു.
അമ്പത്തിയഞ്ചാം മിനിറ്റില്‍ മാജ്സെന്‍ രണ്ടാം ഗോളും കുറിച്ചതോടെ ഗോകുലത്തിന്റെ ലീഡ് 3-1 ആയി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ട്രാവു താരം ഫെര്‍ണാണ്ടീഞ്ഞോ ഒരു ഗോള്‍ കൂടി മടക്കി 2-3. അഞ്ചു മത്സരങ്ങളില്‍ ഗോകുലത്തിന്റെ നാലാം വിജയമാണിത്. ഒരു മത്സരത്തില്‍ ഗോകുലം സമനില പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: