കാസര്‍കോട്: സിപിഎമ്മിന്റെ വികസന വിരോധ ചരിത്രം മറയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വയം വികസന നായകനായി അലങ്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ഉദുമയില്‍ നടന്ന കെ.റെയില്‍ വിരുദ്ധ ജനകീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ്.
കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നടപ്പിലാക്കിയ വികസനങ്ങളെല്ലാം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോ ശാസ്ത്രീയപഠനമോ നടത്താതെയാണ് മെട്രോയെ പോലെ സില്‍വര്‍ ലൈനും ഇപ്പോള്‍ പിണറായി വിജയന് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കുറ്റിയടിച്ചതിന് ശേഷം പദ്ധതിപഠനം എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവാണ്.
കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കിയാണ് വികസനം കൊണ്ടുവരേണ്ടത്. കൊട്ടിയൂരിലേക്കും അതുപോലെ വയനാടിലേക്കും റെയില്‍വേ പാതകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റുകാരന്റെ മനോഭാവമാണ് സര്‍ക്കാരിനുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ വന്‍തോതില്‍ സിപിഎമ്മുകാര്‍ വാങ്ങിക്കൂട്ടുകയാണ്. ലോകബാങ്കില്‍ നിന്നും കിഫ്ബിയില്‍ നിന്നും കടമെടുത്ത്, വീണ്ടും പിച്ചച്ചട്ടിയെടുത്ത് പണത്തിന് വേണ്ടി നടക്കുന്ന സര്‍ക്കാറിന് ഇവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ശമ്പളം കൊടുക്കാന്‍ സാധിക്കുന്നില്ല. പോലീസുകാര്‍ക്ക് ഉള്‍പ്പെടെ ജോലി ചെയ്യാനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിലും പരാജയപ്പെട്ട സര്‍ക്കാരാണ് സ്വയം വികസന ചാമ്പ്യനാവാന്‍ ശ്രമിക്കുന്നത് വൈരുദ്ധ്യമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്, സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, സെക്രട്ടറിമാരായ എന്‍. മധു, ഉമ കടപ്പുറം എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ടി.വി. ഷിബിന്‍, രാഹുല്‍ പരപ്പ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: