തൃശൂര്‍: നാല് പതിറ്റാണ്ടായി സൈക്കിളില്‍ വീടുകള്‍ തോറും പത്രവുമായെത്തുന്ന മുരളി അരിമ്പൂര്‍ നിവാസികള്‍ക്ക് സുപരിചിതനാണ്. പത്രവിതരണക്കാര്‍ മിക്കവരും സ്കൂട്ടറിലേക്കും ബൈക്കിലേക്കും ചുവടു മാറിയിട്ടും തന്റെ ആരോഗ്യം കാത്തു സംരക്ഷിക്കുന്ന സൈക്കിള്‍ ഉപേക്ഷിക്കാന്‍ മുരളി തയ്യാറാല്ല.
അരിമ്പൂര്‍ സ്വദേശി ചക്കുംകുമരത്ത് മുരളീധരനാണ് (58) 41 വര്‍ഷമായി സൈക്കിളില്‍ സവാരി ചെയ്ത് പത്രമെത്തിക്കുന്നത്. കുന്നത്തങ്ങാടി മുതല്‍ അരിമ്പൂര്‍ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ മുതല്‍ സൈക്കിളില്‍ തൂക്കിയിട്ട സഞ്ചികളിലും കാരിയറിലും അടക്കിയൊതുക്കി വച്ച പത്രങ്ങളുമായിട്ടാണ് ഈ വരവ്. രാവിലെയുള്ള സൈക്കിള്‍ ചവിട്ട് ഉന്മേഷം തരുന്നതിനാലാണ് മുരളി ഇന്നും ഈ രീതി പിന്തുടരുന്നത്. അസുഖങ്ങള്‍ ഒന്നും തന്നെ ബാധിച്ചിട്ടില്ല. സ്കൂട്ടറില്‍ പോകുന്ന മറ്റു പത്ര വിതരണക്കാര്‍ ജോലി കഴിഞ്ഞ് തിരികെ വീടെത്തിയാലും മുരളി വീടെത്താന്‍ പിന്നെയും ഒരുപാട് സമയമെടുക്കും.
ആദ്യകാലത്ത് ഏഴു വര്‍ഷത്തോളം പുലര്‍ച്ചെ തൃശൂരില്‍ ബസ് സ്റ്റാന്റിലെത്തി പത്രമെടുത്ത് അതേ ബസില്‍ തിരിച്ചെത്തിയായിരുന്നു വിതരണം. പിന്നീട് ഏജന്സിയായപ്പോള് അതിരാവിലെ അരിമ്പൂരില്‍ പത്രക്കെട്ട് എത്തും. സഹായത്തിനായി കൂടെയുള്ള സഹോദരീ ഭര്‍ത്താവ് നാരായണന്‍കുട്ടിയും ചേര്‍ന്ന് പത്രങ്ങള്‍ തരംതിരിച്ച ശേഷം ഇരുവരും കൂടിയാണ് വിതരണത്തിന് രണ്ടു പ്രദേശങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ 30 വര്‍ഷമായി മുരളിയുടെ കൂടെയുണ്ട് നാരായണന്‍കുട്ടി. സൈക്കിന്റെ ടയര്‍ പഞ്ചറാകുന്ന ദിവസങ്ങളില്‍ മുരളി കാല്‍നടയായും പത്ര വിതരണം നടത്തും.
പത്രവിതരണം കഴിഞ്ഞ് രാവിലെ 9 മണിയോടെ തിരികെ വീട്ടിലെത്തും. ഇതിനിടയില്‍ പല ചായക്കടകളില്‍ നിന്നായി മൂന്നോ, നാലോ ചായയും കുടിക്കും. അരിമ്പൂരിലാകെ 10 ഏജന്റുമാരടക്കം ഇരുപതോളം പേര് പത്രവിതരണത്തിനായി പോകുന്നുണ്ട്. ദേവയാനിയാണ് മുരളിയുടെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: