അമ്പലപ്പുഴ: ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകക്ക് സ്ഥലം മാറ്റം. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ഗ്രേഡ് വണ്‍ നഴ്സിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. എന്നാല്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് കാലാവധി കഴിഞ്ഞതുമൂലമാണ് ഇവരെ തിരികെ മെഡിക്കല്‍ കോളേജിലേക്ക് തിരികെ നിയമിച്ചതെന്ന് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു. ഒരു മാസം മുന്‍പാണ് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ ഡ്രൈവര്‍ മദ്യപിച്ച ശേഷം ഇവിടെ രാത്രിയില്‍ ജോലി ചെയ്ത നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തൊട്ടടുത്ത ദിവസം ഇവര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പ്രിന്‍സിപ്പാളിന് കൈമാറി. പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുക്കുകയും ഡ്രൈവറെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ഇയാളെ പിന്നീട് സസ്പെന്‍ഡും ചെയ്തിരുന്നു.
ഭരണ കക്ഷി യൂണിയനില്‍പ്പെട്ട ഡ്രൈവറെ സംരക്ഷിക്കാന്‍ സംഘടനയും സിപിഎമ്മും നിരവധി ശ്രമങ്ങള്‍ നടത്തി. പരാതി നല്കിയ നഴ്സിനെ ഭരണ കക്ഷി യൂണിയന് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നഴ്സിനെ സ്ഥലം മാറ്റിയത്. ഇവര്‍ക്കൊപ്പം മറ്റൊരു നഴ്സിനെക്കൂടി വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ പേരില്‍ മാറ്റിയിട്ടുണ്ട്. രണ്ട് വര്‍ഷം വര്‍ക്കിങ് അറേഞ്ച്മെന്റ് കാലാവധി പൂര്‍ത്തിയായതിനാലാണ് ഇപ്പോള്‍ പരാതിക്കാരിയായ നഴ്സിനെ സ്ഥലം മാറ്റുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ വര്‍ക്കിങ് അറേജ്മെന്റില്‍ ഇവിടെ ജോലിക്കെത്തിയ മറ്റ് പല ജീവനക്കാരും ആറ് വര്‍ഷത്തിലധികമായി ജോലി ചെയ്തിട്ടും അധികൃതര്‍ കണ്ണടക്കുകയാണ്.
നേരത്തെ ഇവിടെ വര്‍ക്കിങ് അറേഞ്ച് മെന്റില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് വണ്‍ നഴ്സുമാര്‍ ഹെഡ് നഴ്സായി സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണ് സ്ഥലം മാറി പോയിരുന്നത്. എന്നാല്‍ ഭരണകക്ഷി യൂണിയനില്‍പ്പെട്ട ഡ്രൈവര്‍ക്കെതിരെ പീഡനശ്രമത്തിന്റെ പേരില്‍ പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഈ സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. ഇവിടുത്തെ മറ്റ് ചില ജീവനക്കാര്‍ ഏഴു വര്‍ഷത്തോളമായി ജോലി ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോള്‍ നഴ്സിനെ ഭരണ കക്ഷി യൂണിയന്റെ സമ്മര്‍ദത്തിന്റെ പേരില്‍ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: