ഉടുമ്പന്നൂര്‍: ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ചുറ്റും തീയും പുകയും. കണ്ണ് പോലും കാണാനാകാതെ വന്നതോടെ ഒരു തരത്തില്‍ മൊബൈല്‍ തപ്പിയെടുത്ത് സഹായം തേടി അവര്‍ ആദ്യം വിളിച്ചത് അയല്‍വാസിയായ രാഹുലിനെയായിരുന്നു.
വലിയുപ്പ ഹമീദ് വീടിന് തീവച്ചതായി ഫൈസലിന്റെ ഇളയ മകള്‍ അസ്നയാണ് കല്ലുറുമ്പിള്ളില് രാഹുലിനെ അറിയിച്ചത്. വിവരമറിഞ്ഞ് രാഹുല്‍ ഫൈസലിന്റെ വീട്ടില്‍ ഓടിയെത്തി. അപ്പോള്‍ ഹമീദ് കുപ്പിയില്‍ ശേഖരിച്ച പെട്രോള്‍ വീടിന് പുറത്തെ ജനലിലൂടെ അകത്തേക്ക് ഒഴിക്കുകയായിരുന്നു. മുറിയില്‍ നിന്നും തീയും പുകയും കണ്ട താന്‍ ആദ്യം ഭയന്നു. പിന്നീട് ധൈര്യം സംഭരിച്ച് മുന്‍വശത്തെ പ്രധാനവാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നുവെന്ന് രാഹുല്‍ ജന്മഭൂമിയോട് പറഞ്ഞു.
ഫൈസലും കുടുബവും കിടന്നിരുന്ന മുറി പുറത്തുനിന്നും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതും ചവിട്ടിത്തുറന്നു. ഈ സമയം ഹമീദ് രാഹുലിനെ തള്ളിമാറ്റി തുണിയിട്ട് കത്തിച്ച രണ്ട് പെട്രോള്‍ കുപ്പി മുറിയിലേക്ക് ഇതുവഴിയും എറിഞ്ഞു. ഇതിനിടയില്‍ രാഹുലിന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചു. ഹമീദിനെ തള്ളിത്താഴെയിട്ട ശേഷമാണ് രാഹുല്‍ വീണ്ടും ഉള്ളിലേക്ക് കടന്നത്. ഇതിനിടെ അയാള്‍ രണ്ട് കുപ്പി പെട്രോള്‍ വീണ്ടും പിന്നിലെ ജനലിലൂടെ ഉള്ളിലേക്ക് എറിഞ്ഞു. രാഹുല്‍ പറയുന്നു.
മുറിയില്‍ തീയും പുകയുമായതോടെ അകത്തേക്ക് കടക്കാനാകാതെ ഫൈസലിനെ പേര് വിളിച്ച് പുറത്തേക്ക് വരാന്‍ പറഞ്ഞിട്ടും മറുവശത്ത് പ്രതികരണം ഉണ്ടായില്ല. മുറിയില്‍ തീയും പുകയും ഉയര്‍ന്നതോടെ പ്രാണരക്ഷാര്‍ത്ഥം ഫൈസല്‍ ഭാര്യയേയും മക്കളേയും കൂട്ടി ശുചിമുറിയിലേക്ക് ഓടിക്കയറിയെന്ന് രാഹുലിന് മനസിലായി.
തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ടാപ്പ് തുറന്ന് വിട്ടതിനാല്‍ പൈപ്പില്‍ വെള്ളമുണ്ടായിരുന്നില്ല. വൈദ്യുതി കണക്ഷനും കട്ട് ചെയ്തിരുന്നു. ഇവിടെയുള്ള കിണറ്റില്‍ നിന്നാണ് രാഹുല്‍ വെള്ളം എടുത്തിരുന്നത്. വെള്ളം പമ്പ് ചെയ്യാന്‍ നോക്കിയെങ്കിലും ഇതിന്റെ വയറും വിച്ഛേദിച്ചിരുന്നു.
കനത്ത തീയും പുകയും കാരണം രാഹുലിന് പിന്തിരിയേണ്ടി വന്നു. ഈ കുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ് രാഹുലിന്റെ വീട്ടുകാര്‍. ഫൈസലിന്റെ രണ്ട് പെണ്‍കുട്ടികളും ചെറുപ്പം മുതല്‍ തന്നെ രാഹുലിന്റെ വീട്ടില്‍ വരുമായിരുന്നു. അതിനാല്‍ തന്നെ ഈ കുട്ടികളോട് ഏറെ അടുപ്പമുണ്ടായിരുന്നു രാഹുലിന്. രക്ഷിക്കണേ എന്ന അവരുടെ ശബ്ദം ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുകയാണെന്ന് രാഹുല്‍ പറഞ്ഞു.
ഏറെ അടുപ്പം ഉണ്ടായിരുന്ന അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ആകെത്തകര്‍ന്ന നിലയിലാണ് രാഹുല്‍. ഫൈസലിന്റെ വീട്ടില്‍ കുടുബപ്രശ്നം ഉണ്ടെങ്കിലും അത് ഇത്ര ദാരുണമായ കൊലപാതകത്തിലേക്കെത്തുമെന്ന് ആരും കരുതിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: