ഓക്ലന്‍ഡ്: അവസാന ഓവര്‍ വരെ നീണ്ട കടുത്ത പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോല്‍വി. വനിതാ ലോകകപ്പില്‍ വിജയത്തോടെ ഓസ്ട്രേലിയ സെമിഫൈനല്‍ ഉറപ്പിച്ചു. ലോകകപ്പില്‍ സെമിഫൈനല്‍ ഉറപ്പിച്ച ആദ്യ ടീമാണ് ഓസ്ട്രേലിയ. തോല്‍വിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടി. യാസ്തിക ഭാട്ടിയ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഫോമിലേക്ക് തിരിച്ചെത്തിയ നായിക മിതാലി 68 റണ്‍സ് എടുത്തു. തകര്‍ത്തടിച്ച ഹര്‍മന്‍പ്രീത് 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ഡാര്‍സി ബ്രൗണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കം മുതല്‍ മികച്ച പ്രകടനമാണ് നടത്തിയത്. മെഗ് ലാനിങ്, അലീസ ഹീലി എന്നിവരുടെ അര്‍ധ സെഞ്ച്വറി ഓസീസിനെ മുന്നോട്ട് നയിച്ചു. ലാനിങ് 97 റണ്‍സ് എടുത്തു. എന്നാല്‍ ഇന്ത്യയും പൊരുതിയതോടെ കളി കടുത്തു. അവസാന ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ ഓസീസ് തോല്വിക്കരുകില് നിന്ന് വിജയിക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും വിജയിച്ച ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഇന്ത്യ നാലാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: