ന്യൂദല്‍ഹി: ആസ്ത്രേല്യന്‍ ഓള് റൗണ്ടറും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്റ്സ്മാനുമായ ഗ്ലെന്‍ മാക്സ് വെല്‍ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു.
കഴിഞ്ഞ ഒരു ദശകമായി ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മനം കവര്‍ന്ന 33 കാരനായ ഗ്ലെന്‍ മാക്സ് വെല്ലിന്റെ വിവാഹം സംബന്ധിച്ച ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിനാടകീയമായാണ് വിനി രാമന് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹം നടന്നതായി സ്ഥിരീകരിച്ചത്. ഇരുവരും ചുംബിക്കുന്ന ചിത്രം നല്‍കിയായായിരുന്നു വിനി രാമന് വിവാഹവാര്‍ത്ത പുറത്തുവിട്ടത്.
പിന്നീട് ഗ്ലെന്‍ മാക്സ് വെല്ലും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടു. ഇരുകൂട്ടരുടെയും വിവാഹമോതിരം കാട്ടിക്കൊണ്ടായിരുന്നു ഈ വാര്‍ത്ത മാക്സ് വെല്‍ സ്ഥിരീകരിച്ചത്. ‘സ്നേഹം പരിപൂര്‍ണ്ണത തേടിയുള്ള അന്വേഷണമാണ്. നിന്നിലൂടെ ഞാന്‍ പരിപൂര്ണ്ണനായെന്ന് അനുഭവപ്പെട്ടു’- ഗ്ലെന്‍ മാക്സ് വെല്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും അടുത്തിരുന്നു. 2020 ഫിബ്രവരിയിലാണ് വിവാഹസമ്മതം നടത്തിയത്. അതിന് ഒരു ഭാരതീയ വേഷത്തിലാണ് ഗ്ലെന്‍ മാക്സ് വെല്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍ച്ച് 27ന് ഇരുവരും തമിഴ്ശൈലിയില്‍ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചുള്ള വിവാഹ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതിന് മുന്‍പേ തന്നെ ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവരികയായിരുന്നു.
ആസ്ത്രേല്യയിലെ മെല്‍ബണില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി രാമന്. ആസ്ത്രേല്യന്‍ നഗരത്തില്‍ ജീവിക്കുന്ന തമിഴ് കുടുംബമാണ് വിനിയുടേത്.
ഈയിടെ ശ്രീലങ്കയില്‍ ടി20 പരമ്പരയില്‍ ആസ്ത്രേല്യയ്ക്ക് വേണ്ടി ഗ്ലെന്‍ മാക്സ് വെല്‍ കളിച്ചിരുന്നു. 5-0ന് ആസ്ത്രേല്യ ജയിച്ച ഈ പരമ്പരയില്‍ 138 റണ്‍സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന് ഗ്ലെന്‍ ആയിരുന്നു.
ഇക്കുറി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര് വിരാട് കോഹ് ലി, മൊഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ മാക്സ് വെല്ലിനെയും നിലനിര്‍ത്തിയിരുന്നു. 11 കോടിയാണ് പ്രതിഫലം. വിരാട് കോഹ്ലിക്ക് 15 കോടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: