തിരുവനന്തപുരം: മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ 25,187.4 ഏക്കര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1123 ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്പെഷല്‍ ടീം സര്‍വേ നടത്തി കണക്കാക്കിയത് പ്രകാരം 24,693.4 ഏക്കര്‍ ഭൂമിയില്‍ കൈയേറ്റം നടന്ന് അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ 494 ഏക്കറോളം ഭൂമിയും അനധികൃതമായി കൈയേറിയതായും കണ്ടെത്തി. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മണത്തല വില്ലേജിലെ ദ്വാരക ബീച്ചിനടുത്തുള്ള ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ട്. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് ഏക്കറിലധികം ഭൂമിയില്‍ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്. മലബാര്‍ ദേവസ്വം കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കമ്മിറ്റികള്‍ നിയമ വിരുദ്ധമായി ഭക്തജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: