എടത്വാ: ഇറാനില്‍ അപകടത്തില്‍പെട്ട ചരക്ക് കപ്പലില്‍ എടത്വാ സ്വദേശി. കപ്പലിലുള്ളവരെ ഇറാനി തീരസംരക്ഷണ സേന രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു.കപ്പല്‍ സേഫ്റ്റി ഓഫീസറായ എടത്വാ പുതിയേടത്ത് പി.കെ പൊന്നപ്പന്റേയും പ്രസന്നയുടേയും മകന് മിഥുന് പൊന്നപ്പനാണ് അപകടത്തില്‍പെട്ട കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ 15ന് ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് ഇറാനിലേക്ക് പോയ സാലിം അല്‍ മക്രാനി കാര്‍ഗോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് അപകടത്തില്‍ പെട്ടത്. 30 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കപ്പല്‍ അപകടത്തില്‍ പെടുകയായിരുന്നെന്നാണ് ആദ്യ സൂചന. ഇറാന് അതിര്‍ത്തിയിലാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്. ഇറാനി തീരസംരക്ഷണ സേന കപ്പലില്‍ ഉണ്ടായിരുന്നവരെ തീരത്ത് എത്തിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ദുബായിലുള്ള മിഥുന്റെ സഹോദരന് മിത്തു പൊന്നപ്പന് വീട്ടുകാരെ അറിയിച്ചു. മിഥുന് അഞ്ചു വര്‍ഷമായി ദുബായില്‍ ജോലി നോക്കി വരുകയാണ്. ഒരു വര്‍ഷത്തിന് മുന്‍പാണ് കപ്പലില്‍ സേഫ്റ്റി ഓഫീസറായി പ്രവേശിച്ചിട്ട്. വിഷുവിന് നാട്ടില്‍ എത്താനിരിക്കെയാണ് ജോലി ചെയ്യുന്ന ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടത്.
ഇന്നലെ ദേശീയ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് അപകടത്തില്‍ പെട്ട കപ്പലില്‍ മിഥുന് ഉണ്ടായിരുന്നതായി അറിയുന്നത്. കപ്പല്‍ പുറപ്പെടുന്നതിന് തലേ ദിവസം പിതാവ് പൊന്നപ്പനെ വാട്സ് ആപ്പ് കോളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. സന്ദേശത്തെ തുടര്‍ന്നാണ് മിഥുനും കപ്പലില്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ ഉറപ്പിച്ചത്. പിന്നീട് സഹോദരന് മിത്തുവുമായി ബന്ധപ്പെട്ടാണ് മറ്റ് വിവരങ്ങള്‍ അറിഞ്ഞത്. ചെങ്ങന്നൂര്‍ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. മകന്: ധ്യാന്‍.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഫോണില്‍ ബന്ധപ്പെട്ട് മിഥുനെ അടിയന്തിരമായി നാട്ടില്‍ എത്തിക്കാനുള്ള സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: