കോട്ടയം : മാടപ്പള്ളിയിലെ കെ റെയില്‍ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നെന്ന് ആരോപിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ സമരത്തിന് ഉപയോഗിച്ചെന്നും ആരോപിച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. മാടപ്പള്ളിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വിവാദമായതിന് പിന്നാലെ കുട്ടിയെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതിന് അമ്മയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ജിജി പ്രതികരിച്ചു. ആരോപണം തെറ്റാണ്. മനപ്പൂര്‍വ്വം കുഞ്ഞിനെ സമരരംഗത്തേക്ക് എത്തിച്ചിട്ടില്ല. പോലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു.
ഇത് കൂടാതെ പ്രദേശത്ത് സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ല് പിഴുത് മാറ്റിയതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിന് എതിരേയും കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: